പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 14കാരിയായ ധിനിധി ദേശിങ്കു. ഒൻപതാം ക്ളാസിൽ പഠിക്കുന്ന ധിനിധി പഠിച്ചതും വളർന്നതും മത്സരിക്കുന്നതും കർണാടകത്തിലെ ബംഗളൂരുവിലാണെങ്കിലും കേരളത്തിന്റേയും തമിഴ്നാടിന്റെയും കൂടി മകളാണ്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിത വിജയന്റെയും തമിഴ്നാട് സ്വദേശി ദേസിങ്കുവിന്റയും മകളാണ് ധിനിധി. കേരളത്തിൽ നിന്നുള്ള വനിതാ താരങ്ങളാരും ഒളിമ്പിക്സിൽ മത്സരിക്കാൻ ഇല്ലാത്തതിന്റെ കുറവ് നികത്താൻ ദക്ഷിണേന്ത്യയുടെ ഈ പുത്രിയാണുള്ളത്.
യൂണിവേഴ്സാലിറ്റി ക്വാട്ടയിലാണ് ഈ ചെറുപ്രായത്തിൽ തന്നെ ഒളിമ്പിക്സിൽ മത്സരിക്കാനുള്ള അവസരം ധിനിധിയെത്തേടിയെത്തിയത്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് ധിനിധി മത്സരിക്കുന്നത്. പുരുഷ വിഭാഗത്തിൽ ശ്രീഹരി നടരാജിനും യൂണിവേഴ്സാലിറ്റി ക്വാട്ട ലഭിച്ചിട്ടുണ്ട്. ഒളിമ്പിക്സിനുള്ള ഇന്ത്യൻ താരങ്ങൾക്ക് ന്യൂഡൽഹിയിൽ നൽകിയ യാത്ര അയപ്പ് യോഗത്തിൽ ശ്രദ്ധാകേന്ദ്രമായത് ധിനിധിയാണ്.
ബംഗളൂരുവിലെ ഫ്ളാറ്റ് ജീവിതത്തിലെ വിരസത മാറ്റാനാണ് ജെസിത മകളെ നീന്തൽക്കുളത്തിലേക്ക് അയച്ചത്. മധുകുമാർ എന്ന പരിശീലകനുകീഴിൽ പതിയെ അവൾ നീന്തലിൽ മികവ് തെളിയിക്കുകയായിരുന്നു. തന്റെ പ്രായത്തിലുള്ള കുട്ടികൾ കളിചിരികളുമായി ബാല്യം ആഘോഷിക്കുമ്പോഴാണ് ധിനിധി മണിക്കൂറുകളോളം നീന്തൽക്കുളത്തിൽ കഠിന പരിശീലനം നടത്തുന്നത്. പക്ഷേ തന്നെ തേടിയെത്തിയിരിക്കുന്നത് മറ്റാർക്കും കിട്ടാത്ത അവസാരമാണെന്ന് 14-ാം വയസിൽ അവൾ തിരിച്ചറിയുന്നു. രാജ്യത്തിനായി ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്ന വലിയ ലക്ഷ്യമാണ് ധിനിധിക്കുള്ളത്. ഈ സീസണിലെ ദേശീയ സ്വിമ്മിംഗ് ഫെഡറേഷന്റെ ഏറ്റവും മികച്ച വനിത താരമെന്ന ബഹുമതി സ്വന്തമാക്കിയത് ധിനിധിയാണ്.
ഈ ചെറു പ്രായത്തിൽ തനിക്ക് ഒളിമ്പിക്സ് യോഗ്യത നേടാനാകുമെന്ന് കരുതിയില്ലെന്ന് ധിനിധി പറയുന്നു. ഒളിമ്പിക് വില്ലേജിൽ താമസിക്കണം. ആരാധാനാമൂർത്തിയായ കാറ്റി ലെഡെകി ഉൾപ്പടെ വലിയ താരങ്ങളെയൊക്കെ നേരിൽ കാണണം. കാറ്റിക്ക് ഒരു ആശംസകാർഡ് തയ്യാറാക്കിയിട്ടുണ്ട്. അത് നേരിട്ടു നൽകണം . 2028ലും 2032ലും ഒളിമ്പിക്സിൽ പങ്കെടുക്കണം എന്നൊക്കെയാണ് ധിനിധിയുടെ മോഹങ്ങൾ.