നാല് ഒളിമ്പിക്സുകളിൽ പങ്കെടുക്കുന്ന ആദ്യ പുരുഷ മലയാളി താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ പാരീസിലേക്കു തിരിക്കുകയാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ വിശ്വസ്തനായ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. ഒളിമ്പിക് മെഡലിൽ മുത്തമിട്ട രണ്ടാമത്തെ മലയാളിയാണ് ഈ എറണാകുളം കിഴക്കമ്പലത്തുകാരൻ. 1972-ൽ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്ന കണ്ണൂർ സ്വദേശി മാനുവൽ ഫ്രെഡറിക്സായിരുന്നു ആദ്യ മലയാളി മെഡലിസ്റ്റ്.
നാല് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ഏക മലയാളി വനിതാ അത്ലറ്റായ ഷൈനി വിൽസനാണ്. 1984, 1988, 1992,1996 ഒളിമ്പിക്സുകളിലാണ് ഷൈനി ഇന്ത്യയെ പ്രതിനിധീകരിച്ചത്. 1992-ൽ ബാഴ്സലോണയിൽ മാർച്ച് പാസ്റ്റിൽ രാജ്യത്തിന്റെ പതാകയേന്തിയതും ഷൈനി തന്നെ. 2012 ലണ്ടൻ ഒളിമ്പിക്സിലാണ് ശ്രീജേഷ് ആദ്യമായി പങ്കെടുക്കുന്നത്. 2016-ൽ റിയോയിലും കഴിഞ്ഞ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിലും ഗോൾ വലയത്തിനു കീഴെ കാവൽ മാലാഖയായി മലയാളത്തിന്റെ ശ്രീ നിറഞ്ഞുനിന്നു. നാലാം ഒളിമ്പിക്സിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾക്കിടയിൽ നിന്ന് ശ്രീജേഷ് സംസാരിക്കുന്നു:
പാരീസിലെ സാദ്ധ്യതകളും വെല്ലുവിളികളും?
ഒളിമ്പിക്സിൽ ഒന്നും ഈസിയല്ല. ഇത്തവണ പൂൾ റൗണ്ടിൽ ഓസ്ട്രേലിയ, ബെൽജിയം, അർജന്റീന എന്നീ വലിയ ടീമുകളെ നേരിടേണ്ടതുണ്ട്. ന്യൂസിലാൻഡും അയർലാൻഡുമാണ് പൂളിലെ മറ്റ് ടീമുകൾ. 27ന് ന്യൂസിലാൻഡുമായാണ് ആദ്യ മത്സരം.
തയ്യാറെടുപ്പുകൾ?
കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തോടെയാണ് ഒളിമ്പിക് യോഗ്യത ഉറപ്പായത്. അന്നുമുതൽ പാരീസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടായിരുന്നു പരിശീലനം. നാട്ടിലും വിദേശത്തുമുള്ള മത്സരങ്ങളിലൂടെ മികച്ച ഒരു ടീമിനെ വാർത്തെടുക്കാനായി. യുവത്വത്തിനും പരിചയസമ്പത്തിനും ഈ ടീമിൽ ഇടമുണ്ട്.
വീണ്ടുമൊരു ഹോക്കി സ്വർണം?
ഹോക്കിയിൽ എട്ട് ഒളിമ്പിക്സ് സ്വർണം നേടിയ ഇന്ത്യയെ പ്രൗഢമായ പാരമ്പര്യത്തിലേക്ക് തിരിച്ചെത്തിക്കണം. ഒളിമ്പിക് സ്വർണം കഴുത്തിലണിയണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. കളിക്കാരുടെ കഠിന പരിശ്രമവും ഇന്ത്യൻ ജനതയുടെ പ്രാർത്ഥനകളുമുണ്ടെങ്കിൽ അതു നടക്കും.