തിരഞ്ഞെടുപ്പ് ചൂടിലായിരിക്കുന്ന അമേരിക്കയിൽ ഇപ്പോൾ എവിടെയും ചർച്ചാവിഷയം ഡോണൾഡ് ട്രംപ് ആണ്. പ്രസിഡന്റ് ജോ ബൈഡന്റെ ഓർമ്മക്കുറവും പ്രായാധിക്യവും ചർച്ച ചെയ്തിരുന്നവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ട്രംപിനുനേരെയുണ്ടായ വധശ്രമത്തെക്കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്. വീരശൂരപരാക്രമിയെപ്പോലെ ചോരയൊലിപ്പിച്ചു നിന്ന് മുഷ്‌ടിചുരുട്ടി ' പോരാട്ടം തുടരും" എന്നു പ്രഖ്യാപിക്കുന്ന ട്രംപിന്റെ ചിത്രമാണ് അമേരിക്കൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറയുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ സവിശേഷമായ ഒരു ചിത്രമായി മാറിയിരിക്കുകയാണത്.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിലായി ചോരയൊലിക്കുന്ന മുഖവുമായി മുഷ്ടി ചുരുട്ടി കൈ ആകാശത്തേയ്ക്ക് ഉയർത്തി ട്രംപ്. പിന്നിൽ പാറിപ്പറക്കുന്ന അമേരിക്കൻ പതാക. ഈ ചിത്രമാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖമായി മാറുന്നത്. എന്നാൽ ട്രംപിന്റെ ഈ മുഷ്ടി ചുരുട്ടൽ ഇതാദ്യമല്ല. ഇതിനുമുൻപും ട്രംപ് പലതവണ മുഷ്ടി ചുരുട്ടി ഉയർത്തിയിട്ടുണ്ട്. ഇതിന് വ്യക്തമായ അർത്ഥവുമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ മുഷ്ടി ചുരുട്ടൽ
'തങ്ങൾ കണ്ടതിൽ വച്ചേറ്റവും പ്രതീകാത്മകമായ ചിത്രമാണതെന്ന് നിരവധിയാളുകൾ പറഞ്ഞു. അവർ പറഞ്ഞത് ശരിയാണ്. ഞാൻ മരിച്ചിട്ടില്ല. സാധാരണ ഇത്തരത്തിലൊരു പ്രതീകാത്മക ചിത്രം ലഭിക്കണമെങ്കിൽ ഒരാൾ മരിക്കണം'- എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്.
പതിറ്റാണ്ടുകളായി ഈ മുദ്ര ട്രംപ് ഉപയോഗിക്കുന്നുണ്ട്. 1990ൽ അറ്റ്‌ലാന്റിക് സിറ്റിയിൽ തന്റെ ട്രംപ് താജ് മഹൽ കാസിനോയുടെ ഉദ്ഘാടന സമയത്തും, 1994ലെ കുപ്രസിദ്ധമായ വാർത്തസമ്മേളനത്തിനിടയിലും, 2017ലെ ഉദ്ഘാടന വേളയിലും, 34 കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മേയിൽ ന്യൂയോർക്ക് കോടതിയിൽ നിന്ന് പുറത്തേയ്ക്ക് വന്നപ്പോഴും, ഈ വർഷത്തെ പ്രചാരണ പരിപാടിക്ക് ദിവസങ്ങൾക്കുശേഷം മിൽവോകീയിൽ നടന്ന റിപ്പബ്ളിക്കൻ നാഷണൽ കൺവെൻഷനിൽ എത്തിയപ്പോഴും ട്രംപ് മുഷ്ടി ചുരുട്ടിയുള്ള ആംഗ്യം കാണിച്ചിരുന്നു.
തന്നെ പിന്തുണയ്ക്കുന്നവരോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായും എതിർക്കുന്നവരോട് ധിക്കാര സൂചകമായും ട്രംപ് മുഷ്ടി ചുരുട്ടലിനെ ഉപയോഗിക്കുന്നുവെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. വധശ്രമത്തിനുശേഷം തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കാണിക്കാനാണ് മുഷ്ടി ചുരുട്ടിയതെന്നാണ് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
'ആ സംഭവത്തിൽ ലോകം ഉറ്റുനോക്കുന്നുവെന്ന് എനിക്കറിയാമായിരുന്നു. ചരിത്രം ഇതിനെ വിലയിരുത്തുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ തന്നെ എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കാണിക്കേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു'- എന്നും ട്രംപ് കൂട്ടിച്ചേർത്തു.
മുഷ്ടി ചുരുട്ടുന്ന ആംഗ്യത്തിന്റെ ഉറവിടം
ഈ ആംഗ്യത്തിന് പുരാതനമായ ഒരു ചരിത്രമുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. 'അസീറിയൻ ഉത്ഭവം' എന്ന തലക്കെട്ടിലുള്ള കലയെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ മുഷ്ടി ചുരുട്ടിയുള്ള പുരാതന കാലത്തെ കലാസൃഷ്ടികളെക്കുറിച്ച് പറയുന്നു. ശാരീരിക ശക്തി, പ്രത്യുത്‌പാദനം, പ്രാർത്ഥന എന്നിവയുമായാണ് ഈ കലാസൃഷ്ടികൾ ബന്ധപ്പെട്ടിരിക്കുന്നത്.
മുഷ്ടി ചുരുട്ടൽ പുരാതനമായ ഒരു ആംഗ്യമാണെന്ന് ബെർലിൻ സാങ്കേതിക സർവകലാശാലയിലെ സെമിയോട്ടിക്‌സ് വകുപ്പ് മേധാവിയും ഗവേഷകനുമായ റോളൻഡ് പോസ്‌നറും വ്യക്തമാക്കിയിട്ടുണ്ട്. കയ്യുടെയും കൈപ്പത്തിയുടെയും ശക്തി കാട്ടുന്ന ഈ ആംഗ്യം ഭീഷണിയെയും വെല്ലുവിളിയെയും ഒരുപോലെ അർത്ഥമാക്കുന്നു.
ശിലായുഗത്തിലെ ആളുകൾ തങ്ങളുടെ ഗുഹ, കുടുംബം, സാധനങ്ങൾ, തീ എന്നിവയെ പ്രതിരോധിക്കാൻ മുഷ്ടി ചുരുട്ടിയിരിക്കാമെന്ന് പോസ്‌നറുടെ പഠനങ്ങളിൽ പറയുന്നു. 2,000 മുതൽ 3,000 വർഷം വരെ പഴക്കമുള്ള ഗ്രീക്ക് പാത്രങ്ങളിലെ കലാസൃഷ്ടികളിൽ കാണപ്പെടുന്ന മുഷ്ടി ചുരുട്ടൽ വിജയത്തെയും പൗരുഷത്തെയും ചൂണ്ടിക്കാട്ടുന്നു.
19, 20 നൂറ്റാണ്ടുകളിലെ തൊഴിലാളിവർഗത്തെ പ്രതിനിധീകരിക്കാൻ ഈ ആംഗ്യം ഉപയോഗിച്ചിരുന്നതായി അന്തരിച്ച ജർമൻ നരവംശശാസ്ത്രജ്ഞനായ ഗോട്ട്‌ഫ്രെഡ് കോർഫ് തന്റെ പഠനങ്ങളിൽ പറഞ്ഞിട്ടുണ്ട്. പേശിബലത്തിന്റെ ഭാഗം മാത്രമല്ല മുഷ്ടിചുരുട്ടിയുള്ള കൈ, മാനുഷിക തൊഴിലുകളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹിക പ്രശ്‌നങ്ങളുടെ സ്‌ഫോടനാത്മക ശക്തിയെ ഇത് പ്രതിനിധീകരിക്കാമെന്ന് കോർഫ് വ്യക്തമാക്കുന്നു.
20ാം നൂറ്റാണ്ടിൽ വിവിധ സാമൂഹിക സംഘങ്ങൾ മുഷ്ടി ചുരുട്ടലിനെ പ്രതീകങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. ഫാസിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയവർ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന് മറ്റ് ചില പഠനങ്ങളിൽ പറയുന്നു. ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണ് അക്കാലത്ത് ഈ ആംഗ്യത്തെ ഉപയോഗിച്ചിരുന്നത്.
1960കളിൽ ഇത് കറുപ്പ് വിമോചന പ്രസ്ഥാനത്തിന്റെ പ്രതീകമായി മാറി. ബ്ളാക്ക് പവർ മൂവ്‌മെന്റിന്റെ വക്താവായ ഹുയെ ന്യൂട്ടണുമായും ഈ ആംഗ്യം ചേർത്തുവയ്ക്കുന്നു. 1968ൽ മെക്‌സിക്കോ സിറ്റിയിൽ നടന്ന ഒളിംപിക്‌സിനിടെ രണ്ട് കറുത്ത വംശജരായ കായികതാരങ്ങൾ കറുപ്പ് നിറത്തിലെ കയ്യുറകൾ അണിഞ്ഞ് മുഷ്ടി ചുരുട്ടി കൈ ആകാശത്തേയ്ക്ക് ഉയർത്തിയ അക്കാലത്ത് ഏറ്റവും ചർച്ച ചെയ്ത കാര്യങ്ങളാണ്.
സ്വർണ, വെള്ളി ജേതാക്കളായ അമേരിക്കൻ കായികതാരങ്ങൾ ടോമി സ്മിത്ത്, ജോൺ കാർലോസ് എന്നിവർ യുഎസ് ദേശീയ ഗാനത്തിനിടെയാണ് ഇത്തരത്തിൽ മുഷ്ടി ചുരുട്ടിയത്. ആഫ്രിക്കൻ- അമേരിക്കക്കാർ നേരിട്ട വർണവിവേചനത്തിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്.
ഇതിനുശേഷം 2014ലെ ഫെർഗുസൺ കലാപത്തിന്റെ കാലത്തും 2020ൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ടപ്പോഴും ഈ ആംഗ്യം വീണ്ടും ഉപയോഗിക്കപ്പെട്ടു.
വിദഗ്ദ്ധരുടെ വിലയിരുത്തൽ
ട്രംപിന്റെ ഉയർത്തിയ മുഷ്ടി ധിക്കാരത്തിന്റെ സൂചകമാണെന്ന് രാഷ്ട്രീയ ചിത്രങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ പ്രൊഫസറായ എറിക് ബ്യൂസി പറയുന്നു. "നിങ്ങൾക്കെന്നെ കിട്ടില്ല" എന്നതാണ് ആ ആംഗ്യത്തിന്റെ സന്ദേശം. 'ഞാൻ വരുന്നു. നിങ്ങൾ എനിക്ക് നേരെ എന്ത് എറിഞ്ഞാലും ഞാൻ തലയുയർത്തി നിൽക്കും' എന്നതാണ് അദ്ദേഹം വ്യക്തമാക്കുന്നതെന്നും പ്രൊഫസർ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് ഇവിടെ രക്ഷയുടെ വാഗ്ദാനമാണ് നൽകുന്നതെന്ന് മാദ്ധ്യമ നിരീക്ഷയായ മാരിയോൺ മുള്ളർ പറയുന്നു. യുഎസിലെ ജനങ്ങൾ അഗാധമായ മതവിശ്വാസമുള്ളവരാണ്. ഇതിനെ ട്രംപ് ആരാധകർ ദൈവഹിതമായി വ്യാഖ്യാനിക്കും. രാജ്യത്തെ നയിക്കാനുള്ള ഒരു ദൗത്യത്തിന്റെ ദൃശ്യ ചിഹ്നമായി ഇതിനെ പ്രകോശിക്കും. അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ ഐതിഹാസികവും പാരമ്പര്യം ഒത്തുച്ചേർന്ന ചിത്രമായി ഇതിനെ ചൂണ്ടിക്കാട്ടുമെന്നും മുള്ളർ വ്യക്തമാക്കി.