രത്നാകരൻ എന്ന കാട്ടാളൻ വാൽമീകി എന്ന 'ആദ്ധ്യാത്മിക സാഗര"മായി മാറിയത് എങ്ങനെയെന്ന ചോദ്യത്തിന്റെ വിശദമായ ഉത്തരമാണ് രാമായണം. സനാതന ധർമ്മത്തിന്റെ സമ്പൂർണ വഴികാട്ടിയായും പ്രായോഗിക ഹിന്ദുമതത്തിന്റെ ഉദാത്ത ഗ്രന്ഥമായും രാമായണം മാറുന്നു. പിടിച്ചുപറിക്കാരനും കൊലപാതകിയുമായിരുന്ന രത്നാകരൻ എന്ന കാട്ടാളൻ ഒരിക്കൽ ഒരുകൂട്ടം മുനിമാരെ കൊള്ളയടിക്കാൻ ശ്രമിച്ചു. മുനിമാർ രത്നാകരനോട് ചോദിച്ചു: 'നീ ചെയ്യുന്നത് കഠിന പാപമാണെന്ന് അറിയാമോ?"
രത്നാകരൻ പറഞ്ഞു: 'അറിയാം. പക്ഷേ, എനിക്ക് ഇതു ചെയ്‌തേ പറ്റൂ. എനിക്ക് എന്റെ കുടുംബം പുലർത്തണം." അപ്പോൾ മുനിമാർ ചോദിച്ചു: 'നീ ചെയ്യുന്ന പാപങ്ങളുടെ ഫലം അനുഭവിക്കാൻ കുടുംബാംഗങ്ങൾ തയ്യാറാകുമോ?" വിഷണ്ണനായ രത്നാകരൻ ഓടിച്ചെന്ന് വീട്ടുകാരോട് അക്കാര്യം ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് അവർ കൈമലർത്തി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണം. താൻ എത്ര മാത്രം തെറ്റായൊരു ജീവിത ശൈലിയാണ് സ്വീകരിച്ചതെന്ന സത്യം അപ്പോഴാണ് രത്നാകരൻ മനസ്സിലാക്കുന്നത്. കുറ്റബോധത്തിന്റെ അഗ്നികുണ്ഠത്തിൽ രത്നാകരന്റെ അന്തരംഗം നീറി. ഇനി തനിക്കു രക്ഷപെടാൻ എന്തെങ്കിലും മാർഗമുണ്ടോ? രത്നാകരന്റെ വിഷമം കണ്ട് മഹർഷിമാർ പറഞ്ഞു: 'ഈശ്വരാവതാരവും ശ്രേഷ്ഠരിൽ ശ്രേഷ്ഠനുമായ ശ്രീരാമചന്ദ്രനെ ഭക്തിപൂർവം ധ്യാനിക്കുക. രാമനാമം ജപിക്കുക." ഇതുപോലെ ജീവിതദർശനം നൽകുന്ന നിരവധി സന്ദർഭങ്ങൾ രാമായണത്തിലുണ്ട്.
സംസ്‌കൃതത്തിൽ വാൽമീകി രാമായണത്തിനു ശേഷം അനേകം രാമായണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനമാണ് അദ്ധ്യാത്മരാമായണം. മറ്റ് ഭാരതീയ ഭാഷകളിലെല്ലാം തന്നെ രാമായണം രചിക്കപ്പെട്ടിട്ടുണ്ട്. തെക്കു കിഴക്കേഷ്യയിൽ എല്ലാ രാജ്യങ്ങളിലും രാമായണത്തിന് പ്രചാരമുണ്ട്. തുർക്കി, ടിബറ്റ്, ഇന്തോനേഷ്യ, ജാവ, മലേഷ്യ, ബർമ്മ എന്നീ രാജ്യങ്ങളിലെല്ലാം രാമായണകഥകൾ എഴുതപ്പെട്ടിട്ടുണ്ട് എന്നതിന് ചരിത്രരേഖകളുണ്ട്. The Ramayana Traditions in Asia എന്ന ഒരു പ്രാമാണിക ഗ്രന്ഥം കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. കെ. ആർ. ശ്രീനിവാസ അയ്യങ്കാർ എഡിറ്റ് ചെയ്ത Asian Variations in Ramayana എന്ന കൃതിയും രാമകഥാ പഠനത്തിൽ വിജ്ഞാനം പകർന്നു തരുന്ന ഒന്നാണ്.
വാൽമീകിയുടെ ആദിരാമായണം കഴിഞ്ഞാൽ ഏറ്റവും പ്രചാരം സിദ്ധിച്ചത് അദ്ധ്യാത്മ രാമായണത്തിനാണ്. അദ്ധ്യാത്മ രാമായണം ഭക്തിയുടെ അമരകാവ്യമാണ്. ഇത് രാമാനന്ദവിരചിതമാണെന്നും, അതല്ല വ്യാസവിരചിതമാണെന്നും പണ്ഡിതർക്കിടയിൽ രണ്ട് അഭിപ്രായമുണ്ട്. വർണനകൊണ്ടും കലാപരമായ മേന്മ കൊണ്ടും അദ്വിതീയമാണ് വാല്മീകി രാമായണമെങ്കിൽ, തത്ത്വവിചാരംകൊണ്ടും ഭക്തി പ്രകടനം കൊണ്ടും സുന്ദരമാണ് അദ്ധ്യാത്മ രാമായണം. ശ്രീപരമേശ്വരൻ പാർവതീദേവിയെ ഉപദേശിക്കുന്ന രൂപത്തിലാണ് അദ്ധ്യാത്മരാമായണം രചിച്ചിരിക്കുന്നത്. വാൽമീകി രാമായണം ആദർശവാനായ ഉത്തമ പുരുഷനായി രാമനെ വർണിക്കുമ്പോൾ അദ്ധ്യാത്മ രാമായണം മനുഷ്യനെ ഈശ്വരനാക്കി ഉയർത്തുന്നു.
ഇനി എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലേക്കു വരാം. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മലയാളത്തിലെ ഇതിഹാസ തുല്യനായ മഹാകവിയും ഋഷിയും തത്ത്വചിന്തകനുമാണ്. ആദ്യന്തം ഭക്തിരസാമൃത പ്രവാഹത്തിൽ അനുവാചകരെ ആറാടിക്കുന്ന നിത്യനൂതനമായ ഭക്തികാവ്യമാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. നാനൂറ് വർഷങ്ങളിലധികമായി എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് കർക്കിടക മാസത്തിൽ സാധന പോലെ പാരായണം ചെയ്തു വരുന്നു. മലയാളികളിൽ ആദ്ധ്യാത്മികത വളർത്തിയെടുക്കുവാനും ഭക്തിസഹജമാക്കുവാനും തുഞ്ചത്ത് ആചാര്യന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് വളരെയധികം സഹായിച്ചിട്ടുണ്ട്.
കുടുംബ ജീവിതത്തിൽ അനുവർത്തിക്കേണ്ട ആചാര മര്യാദകൾ രാമായണ കാവ്യത്തിലൂടെ എഴുത്തച്ഛൻ വ്യക്തമാക്കിത്തരുന്നുണ്ട്. ഭക്തിയും അദ്ധ്യാത്മജ്ഞാനവും കെെകോർത്ത് നൃത്തം ചെയ്യുന്ന ഒരു കൃതി മലയാള സാഹിത്യത്തിൽ വേറെയുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. വാൽമീകിയുടെ രാമൻ ഉത്തമപുരുഷനും സത്യവാനും ദൃഢവ്രതനുമാണെങ്കിലും മനുഷ്യസഹജമായ വീഴ്ചകളുള്ള കുലപുരുഷനായും വിലയിരുത്തപ്പെടുന്നു. എന്നാൽ തുഞ്ചത്ത് എഴുത്തച്ഛനിൽ എത്തിച്ചേരുമ്പോൾ രാമൻ നിരാമയനും നിർഗുണനും നിർമമനും നിത്യനുമായ ദൈവമാണ്. രാമനെ ആദ്ധ്യാത്മികപുരുഷനാക്കിയിരിക്കുന്നു, എഴുത്തച്ഛൻ.
നാളെ തുടരും: മലയാളത്തിന്റെ മധുരാക്ഷരം