ലക്‌നൗ: വിവാഹത്തിന് തൊട്ടു മുമ്പ് വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലാണ് സംഭവം. വധുവിന്റെ പിതാവ് പാപ്പു നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മക്കളുടെ വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ ഇവർ തമ്മിൽ പ്രണയത്തിലായി എന്നാണ് വിവരം.
മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിന്റെ പിതാവ് ഷക്കീലിനെതിരെയാണ് പാപ്പു പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തന്റെ ഭാര്യയെ പറഞ്ഞ് മയക്കി തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് പരാതി. മകളുടെ വിവാഹം ഉറപ്പിച്ച ശേഷം പാപ്പുവിന്റെ വീട്ടിൽ ഇടയ്‌ക്കിടെ ഷക്കീൽ സന്ദർശനം നടത്താറുണ്ടായിരുന്നു. പാപ്പുവിനും ഭാര്യയ്‌ക്കും പത്ത് മക്കളും ഷക്കീലിന് ആറ് മക്കളുമാണുള്ളത്.
ജൂൺ എട്ടിനാണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പാപ്പു പരാതി നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ റാണ പറഞ്ഞു. സംഭവത്തിൽ ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഷക്കീൽ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ജൂലായ് 11ന് പാപ്പു മറ്റൊരു പരാതി നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുപേരെയും ഉടൻ തന്നെ കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.