joy

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന ജോലിക്കിടെ ഒഴുക്കിൽപെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ. മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. അതേസമയം ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വച്ച് നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലംകണ്ടെത്തി സർ‌ക്കാർ അനുമതിയോടെയാണ് വീട് നിർമ്മിക്കുക.

അതേസമയം ജോജിയുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്‌തമായി. ബാരിക്കേഡ് മറിച്ചിടാൻ പ്രതിഷേധക്കാർ‌ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരസഭയുടെ പിന്നിലെ ഗേറ്റ് വഴിയും സമരക്കാർ അകത്ത് കടക്കാൻ ശ്രമിച്ചു. ഇതും പൊലീസ് തടഞ്ഞതോടെ സമരം കൂടുതൽ അക്രമാസക്തമായി.

ഉരുൾപൊട്ടലിലും പേമാരിയിലും വീട് നിർമ്മാണത്തിന് സംഭരിച്ച നിർമ്മാണ സാമഗ്രികൾ നഷ്ടപ്പെട്ടു പോയ കോട്ടയം പൂവരണി സ്വദേശി സോബിച്ചൻ അബ്രഹാമിന് ആറ് ലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു. ഇദ്ദേഹത്തിന്റെ സ്ഥലം വാസയോഗ്യമല്ലാതായതിനാൽ പരിഹാരമായി അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനും മറ്റുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുമാണ് അനുവദിച്ചത്. ഭൂമി ഉൾപൊട്ടൽ സാദ്ധ്യതാ പ്രദേശത്ത് ഉൾപ്പെട്ടിട്ടുള്ളതിനാലും ഈ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുള്ളതുകൊണ്ടുമാണ് പ്രത്യേക കേസായി പരിഗണിച്ച് സോബിച്ചൻ അബ്രഹാമിന് ധനസഹായം നൽകിയത്.