 നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കാട്ടാക്കട: തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനെത്തിയ യുവാവിനേയും എട്ടുമാസം ഗർഭിണിയായ ഭാര്യയേയും മർദ്ദിച്ചതായി പരാതി. കാട്ടാക്കട അമ്പലത്തിൻകാല വലിയവിള തോട്ടറ ബിനിതാ ഭവനിൽ ബിനീഷ് ബി.രാജു (30), ഭാര്യ നീതുരാജ് (29) എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കിള്ളി കൊല്ലോട് സ്വദേശികളായ എം.ബി.മനു,​ എസ്.സുമിത്,​ എസ്.വി.ആദർശ്,​ അനൂപ് അർജുനൻ എന്നിവർ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തിങ്കളാഴ്ച വൈകിട്ട് 7.50ന് തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തിന് മുമ്പിലാണ് സംഭവം. വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. ഇവരുടെ കാറിന്റെ ഗ്ലാസും സംഘം അടിച്ചുതകർത്തു. ഭാര്യയ്ക്കും സഹോദരനുമൊപ്പമാണ് ബിനീഷ് വിവാഹസൽക്കാരത്തിനെത്തിയത്. തിരിച്ചുപോകാൻ നേരം കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ സമയം ഇവരുടെ കാറിന് പിന്നിലുണ്ടായിരുന്ന ഒരു സംഘം വാഹനം മാറ്റാൻ ആവശ്യപ്പെടുകയും ബിനീഷിനെ മർദ്ദിക്കുകയുമായിരുന്നു. ബിനീഷ് പുറത്തിറങ്ങിയപ്പോൾ വീണ്ടും മർദ്ദിച്ചു. പിടിവലിയിൽ കഴുത്തിലുണ്ടായിരുന്ന ഒന്നരപ്പവന്റെ മാലയും നഷ്ടമായി. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ നീതുരാജിന്റെ കൈക്ക് പരിക്കേറ്റത്. ഇവരുടെ സ്വർണമാലയും നഷ്ടമായതായി പരാതിയിൽ പറയുന്നു. മുഖത്തും കൈക്കും മൂക്കിനും പരിക്കേറ്റ ബിനീഷ് നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. കാട്ടാക്കട പൊലീസിലും പരാതി നൽകി.

സംഭവസ്ഥലത്ത് എം.എൽ.എയുടെ കാറും
ഇതിനിടെ വിവാഹസൽക്കാരത്തിനെത്തിയ ജി.സ്റ്റീഫൻ എം.എൽ.എയുടെ കാർ എടുക്കാനായാണ് സംഘം ബിനീഷിനെ ആക്രമിച്ചതെന്നുള്ള ആക്ഷേപമുയർന്നെങ്കിലും ആരോപണം ബിനീഷ് തള്ളി. ബിനീഷിന്റെ കാറിന് പിന്നിലായിരുന്നു എം.എൽ.എയുടെ കാർ നിറുത്തിയിരുന്നത്. തർക്കം നടക്കുമ്പോൾ എം.എൽ.എ ഓഡിറ്റോറിയത്തിലാണെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. എം.എൽ.എയുടെ കാർ തന്റെ വാഹനത്തിന് പിന്നിൽ നിറുത്തിയിട്ടിരുന്നെന്നും എം.എൽ.എയോ ഡ്രൈവറോ കാറിൽ ഉണ്ടായിരുന്നില്ലെന്നും ബിനീഷ് പൊലീസിനോട് പറഞ്ഞു.

എന്റെ കാർ ഓഡിറ്റോറിയത്തിന് മുമ്പിലുണ്ടായിരുന്നു. ഞാനും ഡ്രൈവറും ഓഡിറ്റോറിയത്തിലായിരുന്നു. അക്രമസംഭവം അറിഞ്ഞിട്ടില്ല. ബിനീഷിനോട് കാർ മാറ്റാൻ ഞാനോ ഡ്രൈവറോ ആവശ്യപ്പെട്ടിട്ടില്ല. ക്യാമറാദൃശ്യങ്ങൾ പരിശോധിക്കണം

-

ജി.സ്റ്റീഫൻ,​ എം.എൽ.എ