മുംബയ്: ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായാലും കാൻസൽ ചെയ്യാതെ സ്‌ളീപ്പർ കോച്ചിലോ എസിയിലോ അതുമായി യാത്രചെയ്യാം എന്നൊരു വിശ്വാസം നാളിതുവരെ റെയിൽവെ യാത്രക്കാർക്കുണ്ടായിരുന്നു. എന്നാലിനി ആ വിശ്വാസം മാറ്റാൻ സമയമായി. മാത്രമല്ല ഇത്തരത്തിൽ ടിക്കറ്റുമായി ട്രെയിനിൽ യാത്ര ചെയ്യാൻ ഇനി അനുവദിക്കില്ല. റെയിൽവെയുടെ പുതിയ മാർഗ നിർദ്ദേശമാണിത്. വെയിറ്റിംഗ് ലിസ്റ്റുള്ള ടിക്കറ്റുമായി ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുകയും തൊട്ടടുത്ത സ്റ്റേഷനിൽതന്നെ ഇറക്കിവിടുകയും ചെയ്യും.
റിസർവ് ചെയ്‌ത കോച്ചുകളിൽ യാത്രക്കാരുടെ തിക്കിതിരക്ക് ഒഴിവാക്കാനും സ്ളീപ്പറിലും എസി കമ്പാർട്ടുമെന്റിലും ടിക്കറ്റ് ഉറപ്പിച്ചവർക്ക് നന്നായി യാത്രചെയ്യാനുമാണ് ഈ തീരുമാനം. വർഷങ്ങളായി രാജ്യത്തെ ട്രെയിനുകളിൽ രണ്ട് തരത്തിലുള്ള ബുക്കിംഗ് രീതിയാണുള്ളത്. ഒന്ന് റിസർവേഷൻ കൗണ്ടറിൽ പോയി ടിക്കറ്റെടുക്കുക. മറ്റൊന്ന് ഓൺലൈനായി ഐആർസിടിസിയുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുക. ഓൺലൈനായി ബുക്ക് ചെയ്‌ത ടിക്കറ്റിൽ സീറ്റ് കിട്ടില്ലെങ്കിൽ യാത്രാസമയമാകുമ്പോൾ ടിക്കറ്റ് കാൻസൽ ആകുകയും പണം റീഫണ്ട് ചെയ്യുകയുമാണ് രീതി.
എന്നാൽ പലപ്പോഴും ഇതേ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി കയറുന്നവർ സീറ്റ് ലഭിച്ചവർക്ക് മാറിക്കൊടുക്കാതെയിരിക്കുകയോ റെയിൽവെ ഉദ്യോഗസ്ഥരുടെ ജീവന് തന്നെ ഭീഷണിയാകുകയോ ചെയ്യുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ഈയിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ലക്‌നൗ-ഡെറാഡൂൺ വന്ദേഭാരത് ട്രെയിനിൽ ജനം കുത്തിനിറച്ച് യാത്രചെയ്‌തത് റെയിൽവെയ്‌ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. പുതിയ ഉത്തരവനുസരിച്ച് സ്ഥിരപ്പെടുത്തിയ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞത് 440 രൂപ മുതൽ പിഴയും തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കിവിടുകയും ചെയ്യും.