തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ, മേയ്, ജൂൺ) യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെൻ്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് വർധന. മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. ഈ കാലയളവിൽ 7954 എയർ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 6887 ആയിരുന്നു- 14% ആണ് വർദ്ധന. 2023-24 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ആകെ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. 2 ലക്ഷത്തിലേറെ യാത്രക്കാരാണ് ഇത്തവണ കൂടിയത്.
ആകെ യാത്ര ചെയ്ത 12.6 പേരിൽ 6.61 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 5.98 ലക്ഷം പേർ വിദേശ യാത്രക്കാരുമാണ്. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഷാർജയും ആഭ്യന്തര എയർപോർട്ടുകളിൽ ബംഗളൂരുവുമാണ് മുന്നിൽ.
വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള വർദ്ധന കണക്കിലെടുത്ത്, തടസരഹിതവും മികച്ചതുമായ യാത്ര ഉറപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം വിമാനത്താവളം.