k

ഉമ്മൻ ചാണ്ടിയില്ലാത്ത ഒരു വർഷം! ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമേയൂള്ളു എന്ന് തെളിയിച്ച ഒരു വർഷം. വിശ്വസിക്കാനാകാത്ത യാഥാർത്ഥ്യം. ഞങ്ങൾക്കെല്ലാം വഴികാട്ടിയായി, സാധാരണക്കാരെ ചേർത്ത് പിടിക്കണമെന്ന് എപ്പോഴും ഓർമ്മപ്പെടുത്തി അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്. സ്‌നേഹം കൊണ്ട് മനുഷ്യരെ കീഴടക്കിയ ഭരണാധികാരി നമുക്കുണ്ടായിരുന്നു എന്നത് വർത്തമാന കേരള രാഷ്ട്രീയത്തിൽ അദ്ഭുതമായി തോന്നും. ഒരു നിവേദനത്തിനോ കത്തിനോ ഫോൺ വിളികൾക്കോ അപ്പുറം സാദ്ധ്യമായ എന്ത് സഹായവും ചെയ്യാൻ ഉമ്മൻ ചാണ്ടിയുണ്ടെന്നത് ലോകത്തെവിടെയുമുള്ള മലയാളികളുടെ ധൈര്യമായിരുന്നു. ഉമ്മൻ ചാണ്ടിയെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത ജനങ്ങളോ, അദ്ദേഹമെത്താത്ത സ്ഥലങ്ങളോ കേരളത്തിലുണ്ടാവില്ല.

സ്‌മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികൾ, ഒരു രൂപയ്ക്ക് അരി, ഭൂരഹിതർക്ക് മൂന്ന് സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സർക്കാർ കോളേജുകൾ, ദിവസം 19 മണിക്കൂർ വരെ നീളുന്ന ജനസമ്പർക്കം, മികച്ച ഭരണനിർവഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം. അന്ന് വഴിമുടക്കിയവർ ഇന്ന് വിഴിഞ്ഞം, മെട്രോ റെയിലുൾപ്പെടെയുള്ള പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നത് കപട രാഷ്ട്രീയമായേ കാണാനാകൂ.

ജനം നൽകിയ ശക്തിയാണ് എതിരാളികളുടെ ദുരാരോപണങ്ങളിൽ അടിപതറാതെ അഗ്നിശുദ്ധി വരുത്താൻ ഉമ്മൻചാണ്ടിയെ പ്രപ്തനാക്കിയത്. അതുകൊണ്ടാണ് മരണശേഷം നിയമവഴിയിൽ ഉമ്മൻ ചാണ്ടി ജയിച്ചപ്പോൾ കേരളം ഏറ്റെടുത്തത്. ഉമ്മൻ ചാണ്ടിക്കെതിരെ ദുരാരോപണങ്ങളുമായി രംഗത്തെത്തിയവരോട് അതേ അളവിൽ അവരോട് കാലം കണക്കു ചോദിക്കുന്നതിനും കേരളം സാക്ഷിയായി.

നിയമസഭാംഗമെന്ന നിലയിൽ ഞാൻ എന്തെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ നേരവകാശി ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ ശൈലി ആർക്കും അനുകരിക്കാനാകില്ല. ആ നീതിമാൻ ഉയർത്തെഴുന്നേൽക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാകുമെന്നാണ് കാലം നമ്മോട് പറയുന്നത്. ഓർമ്മകൾക്ക് മുന്നിൽ ആദരവ്.