olympics

ഒഫിഷ്യൽസായി 140 പേർ

ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള 117 ഇന്ത്യൻ കായിക താരങ്ങളുടെ പട്ടികയ്ക്ക് കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി.140 ഒഫിഷ്യൽസ് അടക്കം 257 അംഗ സംഘമാണ് പാരീസിലേക്ക് പറക്കുക. ഈ മാസം 26 മുതൽ ആഗസ്റ്റ് 11വരെയാണ് പാരീസിൽ 33-ാമത് വേനൽക്കാല ഒളിമ്പിക്സ് അരങ്ങേറുന്നത്.

ഒളിമ്പിക് യോഗ്യതാ മാർക്ക് മറികടന്നവർക്കൊപ്പം വേൾഡ് റാങ്കിംഗ് ക്വാട്ടയിലൂടെയും യൂണിവേഴ്സൽ ക്വാട്ടയിലൂടെയും ബർത്ത് നേടിയവരെയും ഉൾപ്പെടുത്തിയതാണ് ഇന്ത്യൻ സംഘം. നേരത്തേ റാങ്കിംഗ് ബർത്ത് ലഭിച്ചിരുന്ന വനിതാ ഷോട്ട്പുട്ട് താരം ആഭാ കത്വയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വേൾഡ് അത്‌ലറ്റിക്സ് ഫെഡറേഷന്റെ റാങ്ക് പട്ടികയിൽ നിന്ന് ആഭയുടെ പേര് നീക്കം ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. 29 താരങ്ങളുള്ള അത്‌ലറ്റിക്സ് ടീമാണ് ഇന്ത്യൻ സംഘത്തിലെ വലിയകായിക ഇനം. 11 വനിതാ താരങ്ങളും 18 പുരുഷ താരങ്ങളും അടങ്ങുന്നതാണ് ഇന്ത്യൻ അത്‌ലറ്റിക് സംഘം. 21 താരങ്ങൾ അടങ്ങുന്ന ഷൂട്ടിംഗ് ടീമാണ് രണ്ടാമത്തെ വലിയ സംഘം. പുരുഷ ഹോക്കി ടീമിൽ 19 താരങ്ങളുണ്ട്.

ഏഴ് മലയാളി താരങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ മുഹമ്മദ് അനസ്,മുഹമ്മദ് അജ്മൽ, മിജോ കുര്യൻ ചാക്കോ,അമോജ് ജേക്കബ്,അബ്ദുള്ള അബൂബക്കർ എന്നിവർ അത്‌ലറ്റിക്സ് താരങ്ങളാണ്. ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷും ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ്‌യുമാണ് മറ്റ് രണ്ടുപേർ. ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന വനിതകളാരും ഒളിമ്പിക് ടീമിലില്ല. ഇന്ത്യൻ ഒളിമ്പിക് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ നീന്തൽ താരം ധിനിധി ദേശിംഗുവിന്റെ അമ്മ മലയാളിയും അച്ഛ‌ൻ തമിഴ്നാട്ടുകാരനുമാണ്. ബെംഗളുരുവിൽ താമസിക്കുന്ന 14കാരിയായ ധിനിധി ദേശീയ തലത്തിൽ കർണാടകത്തെയാണ് പ്രതിനിധീകരിക്കുന്നത്.

16 കായിക ഇനങ്ങളിലാണ് ഇന്ത്യ പാരീസിൽ മത്സരിക്കുന്നത്. നാലാമത്തെ ഒളിമ്പിക്സിന് ഇറങ്ങുന്ന വെറ്ററൻ ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടിയ പി.വി സിന്ധുവുമാണ് പാരീസിലെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്.

117 കായിക താരങ്ങൾ

29 അത്‌ലറ്റിക്സ്

21 ഷൂട്ടിംഗ്

19 ഹോക്കി

8 ടേബിൾ ടെന്നിസ്

7 ബാഡ്മിന്റൺ

6 റെസ്‌ലിംഗ്

6 ആർച്ചറി

6 ബോക്സിംഗ്

4 ഗോൾഫ്

3 ടെന്നിസ്

2 സ്വിമ്മിംഗ്

2 സെയ്‌ലിംഗ്

1 ഇക്വിസട്രിയൻ

1 ജൂഡോ

1 വെയ്റ്റ്‌ലിഫ്റ്റിംഗ്

1 റോവിംഗ്

119 കായിക താരങ്ങളാണ് ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. നീരജ് ചോപ്രയുടെ സ്വർണമടക്കം ഏഴുമെഡലുകൾ ഇന്ത്യ ടോക്യോയിൽ നേടിയിരുന്നു.

67 ഒഫിഷ്യൽസിനാണ് കായിക താരങ്ങൾക്കൊപ്പം ഗെയിംസ് വില്ലേജിൽ താമസിക്കാൻ അനുമതി. ഇതിൽ അഞ്ച് ഡോക്ടർമാർ അടങ്ങുന്ന 11അംഗ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളുണ്ടാകും. അഡീഷണൽ കോച്ചുമാരും ഒഫിഷ്യൽസുമായി സംഘത്തിലുള്ള മറ്റുള്ളവർക്ക് സർക്കാർ ചെലവിൽ പാരീസിൽ ഹോട്ടലുകളിൽ താമസം ഏർപ്പെടുത്തും.