വയനാട്: മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം തടവും 100000 രൂപ പിഴയും ശിക്ഷ. ക്രൈം നമ്പർ 30/2018 കേസിലെ പ്രതിയായ കോഴിക്കോട് നല്ലളം സ്വദേശി ദീപക് ഡി രാജ് എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
30.04.2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 11000 ഗുളികകളുമായി തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ വച്ചാണ് പ്രതി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എം എം കൃഷ്ണൻകുട്ടിയും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന അനിൽകുമാർ എസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ലിജിഷ് .ഇ.വി. പ്രോസിക്യൂഷനു വേണ്ടി ഹാജരായി. ബഹു. കൽപ്പറ്റ അഡ്ഹോക്ക് - 11 കോടതി ജഡ്ജ് അനസ്.വി ആണ് ശിക്ഷ വിധിച്ചത്.