plus-two

കൊച്ചി: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ (കീം)​ റാങ്കിംഗ് രീതി അശാസ്ത്രീയമാണെന്നും ഇതുമൂലം കേരള സിലബസുകാർ പിന്തള്ളപ്പെട്ടെന്നും ആക്ഷേപം.

പൊതുപരീക്ഷയിലും കീമിലും ഉയർന്ന മാർക്ക് നേടിയെങ്കിലും റാങ്കു പട്ടികയിൽ കേരള സിലബസിൽ പഠിച്ച കുട്ടികൾ പിന്നിലായെന്നാണ് പരാതി. പ്ലസ്ടു പരീക്ഷയുടെ മാർക്ക് സമീകരണം (സ്റ്റാൻഡേർഡൈസേഷൻ) നടത്തിയതിലെ അപാകതയാണ് കാരണമെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു.

കീമിന്റെയും പ്ലസ് ടുവിന്റെയും മാർക്കുകളുടെ 50% വീതം ചേരുന്നതാണ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാന മാർക്ക്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകാരുടെ മാർക്ക് വ്യത്യസ്‌തമായതിനാലാണ് സമീകരണം നടത്തുന്നത്. സംസ്ഥാന സിലബസിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് കിട്ടാവുന്ന പരമാവധി കീം വെയിറ്റേജ് മാർക്ക് 300 ആണ്. സമീകരണത്തിലൂടെ ഇക്കുറി പരമാവധി 273.77 മാർക്ക് മാത്രമായി.

കേന്ദ്രസിലബസിൽ പഠിച്ചവർക്ക് വെയിറ്റേജ് 286 എന്നത് എട്ടു മാർക്കിന്റെ വർദ്ധനവോടെ 294 മാർക്കായി സമീകരിക്കുകയും ചെയ്തു. ഇക്കാരണത്താൽ സംസ്ഥാന സിലബസുകാർ റാങ്ക് ലിസ്റ്റിൽ 5000 റാങ്കുവരെ താഴേക്ക് പോയി. അതിനാൽ മാർക്ക് സമീകരണ രീതി പുനഃപരിശോധിക്കണമെന്ന് ആവശ്യമുയർന്നു.

52,000

ആകെ റാങ്ക് ലിസ്റ്റിലുള്ളവർ

35,000

സംസ്ഥാന സിലബസുകാർ

17,000

കേന്ദ്ര സിലബസുകാർ


ആദ്യ 5000ൽ

 സംസ്ഥാന സിലബസുകാർ-2034

 കേന്ദ്ര സിലബസുകാർ-2,785

 ഐ.സി.എസ്.ഇക്കാർ-162

 മറ്റു സിലബസുകാർ-19

''അശാസ്ത്രീയമായ റാങ്കിംഗ് രീതി സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. ന്യൂനത പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

- കെ.വെങ്കിടമൂർത്തി, പ്രസിഡന്റ്,

അനിൽ എം.ജോർജ്, ജനറൽ സെക്രട്ടറി

ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോ.