passport

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് യുവാക്കള്‍ ഉപരിപഠനത്തിനായി വിദേശത്ത് പോയാല്‍ അവിടെ തന്നെ പൗരത്വം ഉള്‍പ്പെടെ സ്വീകരിച്ച് സെറ്റില്‍ ആകാറുണ്ട്. ഇക്കാരണം പറഞ്ഞ് കേരളത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പോലും ആരോപണം ഉന്നയിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്ത് രാജ്യം വിടുന്നവരുടെ എണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന ഗുജറാത്തി യുവാക്കള്‍ അവിടുത്തെ പൗരത്വം സ്വീകരിക്കുന്നത് വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 30 - 45 വരെ പ്രായപരിധിയിലുള്ളവരാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നവരില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളിലേക്ക് മെച്ചപ്പെട്ട തൊഴിലവസരവും ജീവിതനിലവാരവും തേടിപ്പോകുന്നവരാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതില്‍ നല്ലൊരു പങ്കും.

കണക്കുകള്‍ അനുസരിച്ച്, 2022 ല്‍, 241 പേര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചു, ഇത് 2023 ആയപ്പോള്‍ ഇത് 485 ല്‍ എത്തി. 2024 മേയ് ആദ്യം വരെ 244 സറണ്ടറുകള്‍ രേഖപ്പെടുത്തി. അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയ യുവാക്കളാണ് ഇവരില്‍ കൂടുതലും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുകയും തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നവര്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ചു വരുന്നില്ല.

പാര്‍ലമെന്ററി കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണത്തില്‍ ഗുജറാത്ത് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവില്‍ ഗുജറാത്തില്‍ നിന്നുള്ള 22,300 വ്യക്തികള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു, ഇക്കാലയളവില്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 60,414 പേരും പഞ്ചാബില്‍ നിന്ന് 28,117 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചു.