health

രോഗ്യവുമായി ബന്ധപ്പെട്ട് നിരവധി നല്ല ശീലങ്ങളും മോശം ശീലങ്ങളുമുള്ളവരാണ് നമ്മള്‍ മനുഷ്യര്‍. ഇത്തരത്തിലൊരു മോശം ശീലമാണ് മുക്കില്‍ വിരലിടുന്ന സ്വഭാവം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ ശീലത്തിന് അടിമകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഈ ശീലം മാറ്റിയെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ പേരില്‍ തല്ല് കിട്ടിയാലും ശീലം മാറ്റാത്ത കുട്ടികളും നിരവധിയാണ്.

കുട്ടികളായാലും മുതിര്‍ന്നവരായാലും ശരി മൂക്കില്‍ കയ്യിടുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഈ ശീലം നിങ്ങള്‍ക്ക് മരണം വരെ സംഭവിക്കാന്‍ സാദ്ധ്യതയുള്ള രോഗത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മൂക്കില്‍ കയ്യിടുന്ന ശീലം ന്യുമോണിയ വരാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനം. കണ്ടെത്താനും ചികിത്സിക്കാനും വൈകിയാല്‍ മരണം വരെ സംഭവിക്കുമെന്നതാണ് ന്യുമോണിയയെ അപകടകരമായ അസുഖങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കുന്നത്.

ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ പരത്തുന്നത് ന്യുമോകോക്കസ് എന്ന ബാക്ടീരിയയാണ്. ചുമ, തുമ്മല്‍ എന്നിവയിലൂടെയും ഒപ്പം രോഗം ബാധിച്ചവരിലൂടെയും വായുവില്‍ കൂടിയും പകരുന്ന അസുഖമാണ് ന്യുമോണിയ. മൂക്കിലൂടെയും കയ്യിലൂടെയും രോഗത്തിന് കാരണമായ ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നാണ് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പഠനം നടത്തിയത് മുതിര്‍ന്നവരിലാണ്.

എന്നാല്‍ രക്ഷകര്‍ത്താക്കള്‍ക്ക് ന്യുമോണിയ ബാധിച്ചാല്‍ അത് കുട്ടികള്‍ക്ക് പകരാന്‍ സാദ്ധ്യതയുണ്ടെന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ് മൂക്കില്‍ കയ്യിടുന്ന ശീലം എന്ന് പറയുന്നതിന് കാരണം. അതോടൊപ്പം തന്നെ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ അവ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ എന്നിവയുടെ വൃത്തിയും വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളായാലും മുതിര്‍ന്നവര്‍ ആയാലും കൈവിരലുകളുടെ വൃത്തി വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.