തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള 4000 പേര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം. മെക്കാനിക്കല്‍, സിവില്‍ എന്നീ വിഷയങ്ങളില്‍ ബി ടെക് പാസായവര്‍ക്കും പോളീടെക്‌നിക്ക്, ഐടിഐ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അവസരം ലഭിക്കുക. ജര്‍മനിയിലെ റെയില്‍വേ നടപ്പിലാക്കുന്ന റെയില്‍പാത നിര്‍മാണ മേഖലയിലാണ് ജോലിക്ക് അവസരം. ആറ് വര്‍ഷം കൊണ്ട് 9000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കുന്ന പദ്ധതിക്കായി മുകളില്‍ പറഞ്ഞ യോഗ്യതയുള്ള യുവാക്കളെ തേടി ജര്‍മന്‍ സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്.
3500 യൂറോ (ഏകദേശം 3.18 ലക്ഷം ഇന്ത്യന്‍ രൂപ) യാണ് ശമ്പളമായി ലഭിക്കുക. കൃത്യസമയത്ത് ഓടുന്ന ട്രെയിനുകള്‍ എന്നതാണ് ജര്‍മന്‍ റെയില്‍വേയുടെ മുഖമുദ്ര. എന്നാല്‍ അടുത്തിടെയായി ട്രാക്കുകളിലെ പ്രശ്‌നങ്ങള്‍ കാരണം ട്രെയിനുകള്‍ വൈകുന്നത് പതിവായതോടെയാണ് റെയില്‍പാത നവീകരണത്തിന് ജര്‍മനി തയ്യാറെടുക്കുന്നത്. റെയില്‍വേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാന്‍ (ഡിബി) കമ്പനിക്കു വേണ്ടി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കേയ്‌സ്) ആണ് തിരഞ്ഞെടുപ്പ് നടത്തുക. അടിസ്ഥാനയോഗ്യതാ മാനദണ്ഡങ്ങളുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ചാണ് കേയ്‌സ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക.
തൊഴില്‍ നൈപുണ്യ മേഖലയില്‍ മനുഷ്യവിഭവ ശേഷി കുറവായതിനാല്‍ ഡിബി കമ്പനി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ഏക്കിം ബര്‍ക്കാട്ട് അവരെ കേരളത്തിലെത്തിച്ചത്. മന്ത്രി വി.ശിവന്‍കുട്ടി, കേയ്‌സ് എംഡി ഡോ.വീണ എന്‍.മാധവന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ചില എഞ്ചിനീയറിങ്, പോളിടെക്‌നിക് സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണു മടങ്ങിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കേയ്‌സ്) ല്‍ ബന്ധപ്പെടാവുന്നതാണ്.