ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയിൽ 12 മാവോയിസ്റ്റുകളെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലൂടെ വധിച്ചു. എ.കെ 47 അടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. മേഖലയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവായ ലക്ഷ്മൺ അത്രം കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം.
ചത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന വന്ദോളി ഗ്രാമത്തിന് സമീപമുള്ള വനത്തിൽ 15 മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്ന് രാവിലെ പത്തോടെയാണ് മഹാരാഷ്ട്ര പൊലീസ് പ്രത്യേക ദൗത്യം ആരംഭിച്ചത്. ഡെപ്യൂട്ടി എസ്.പിയുടെ നേതൃത്വത്തിൽ കാടിനുള്ളിലായിരുന്നു ഓപ്പറേഷൻ. ഉച്ചയോടെ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ആരംഭിച്ച വെടിവയ്പ് ആറ് മണിക്കൂർ നീണ്ടു. മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ ഒരു സബ് ഇൻസ്പെക്ടർക്കും പൊലീസുകാരനും പരിക്കേറ്റു. നാഗ്പ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. മാവോയിസ്റ്റുകളിൽ നിന്ന് 3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി.