നടന്‍ ജഗദീഷിനെ അറിയാത്തതോ ഇഷ്ടപ്പെടാത്തവരോ ആയ മലയാളികള്‍ ചുരുക്കമാണ്. ഹാസ്യ നടനായി സിനിമയില്‍ എത്തുകയും പിന്നീട് നായക വേഷങ്ങള്‍ വരെ ചെയ്യുകയും ചെയ്ത് തിളങ്ങിയ താരം അടുത്തകാലത്തായി തിളങ്ങുന്നത് സീരിയസ് സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രങ്ങളില്‍ അപ്പുക്കുട്ടനായും മായിന്‍കുട്ടിയായും മലയാളികളെ താരം ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല.
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി തുടങ്ങിയ താരങ്ങള്‍ നായക വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തും നായക വേഷങ്ങള്‍ ചെയ്ത് ചിത്രങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ജഗദീഷിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന സവിശേഷതയാണ്. എന്നാല്‍ താന്‍ ഒരു താരമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ജഗദീഷ് തന്നെ പറയുന്നത്. സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട 'ചിത്രം' എന്ന സിനിമയില്‍ നടന്‍ എംജി സോമന്റെ ഡ്യൂപ്പായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ജഗദീഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് തന്നെ ജനകീയ നടന്‍ എന്നാണ് അന്നത്തെ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതെന്നും ജഗദീഷ് പറയുന്നു.താന്‍ നായകനായ ചിത്രങ്ങളുടെ നിര്‍മാണ ചെലവ് കുറവായിരുന്നുവെന്നും അത്തരത്തില്‍ നിര്‍മാതാക്കളുടെ ചെലവ് കുറയാനുള്ള കാരണം താനാണെന്നും ജഗദീഷ് പറയുന്നു.