കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സ്വര്‍ണ വില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണ വില ഔണ്‍സിന് 2,482 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കാഡിട്ടു. മുംബയില്‍ സ്വര്‍ണം പത്ത് ഗ്രാമിന് പത്ത് രൂപ വര്‍ദ്ധിച്ച് 74,030 രൂപയിലെത്തി.
നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതിനാല്‍ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്തംബറില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കുമെന്ന വാര്‍ത്തകളാണ് സ്വര്‍ണത്തിന് നിക്ഷേപ താത്പര്യം വര്‍ദ്ധിപ്പിച്ചത്. ഇപ്പോഴത്തെ ട്രെന്‍ഡുകളനുസരിച്ച് ഈ വാരം രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 2,500 ഡോളര്‍ കടക്കാനിടയുണ്ട്.
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിക്കുന്നു. നാണയപ്പെരുപ്പം ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിടുന്ന രണ്ട് ശതമാനത്തിലേക്ക് താഴുന്നതിനാല്‍ പലിശ കുറഞ്ഞേക്കുമെന്ന സൂചന കേന്ദ്ര ബാങ്കിന്റെ ചെയര്‍മാന്‍ ജെറോം പവല്‍ നല്‍യിരുന്നു.
കേരളത്തിലും വില ഉയരുന്നു
രണ്ട് ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണ വില പവന് ആയിരം രൂപയാണ് കൂടിയത്. ഇന്നലെ കൊച്ചിയില്‍ സ്വര്‍ണ വില പവന് 720 വര്‍ദ്ധിച്ച് 55,000 രൂപയിലെത്തി. ഗ്രാമിന്റെ വില 90 രൂപ ഉയര്‍ന്ന് 6,875 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയാണിത്.
ആഭരണം വാങ്ങാന്‍ 60,000 രൂപ വേണം
സ്വര്‍ണ വില, പണിക്കൂലി, മൂന്ന് ശതമാനം ചരക്ക് സേവന നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ ഉള്‍പ്പെടെ നിലവില്‍ ഒരു പവന്‍ ആഭരണത്തിന്റെ വില 60,000 രൂപയ്ക്ക് അടുത്താകും. മേയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപയാണ് നിലവില്‍ കേരളത്തില്‍ പവന്റെ റെക്കാഡ് വില.
കുതിപ്പിന് പിന്നില്‍
അമേരിക്കയില്‍ പലിശ കുറയാനുള്ള സാദ്ധ്യത
സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര ബാങ്കുകള്‍
സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള വാങ്ങല്‍ താത്പര്യം
ചൈനയിലെ സാമ്പത്തിക പ്രതിസന്ധി
കേരളത്തിലെ പവന്‍ വില - 55,000 രൂപ