ബാങ്കോക്ക് : തായ്‌ലൻഡിലെ ആഡംബര ഹോട്ടലിൽ 6 വിദേശികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരെല്ലാം വിയറ്റ്നാമീസ് വംശജരാണ്. ഇതിൽ രണ്ടു പേർ യു.എസ് പൗരത്വമുള്ളവരാണ്. സയനൈഡ് ഉള്ളിലെത്തിയതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറാവൻ ഹോട്ടലിലായിരുന്നു സംഭവം. എല്ലാവരെയും ഒരേ മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ ചായപ്പാത്രത്തിലും ആറ് ചായക്കപ്പുകളിലും സയനൈഡിന്റെ അംശം കണ്ടെത്തി.
മരിച്ചവരുടെ രക്തത്തിലും സയനൈഡിന്റെ അംശമുണ്ട്. മരിച്ചവരിൽ ഒരാൾ തന്നെയാണ് സയനൈഡ് ചേർത്തതെന്നാണ് പൊലീസിന്റെ നിഗമനം. നിക്ഷേപവുമായി ബന്ധപ്പെട്ടുണ്ടായ ഭീമമായ കടത്തിന്റെ പേരിൽ ഇവർക്കിടെയിൽ തർക്കം നിലനിന്നിരുന്നതായി കണ്ടെത്തി. പൂർണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.