fish

കൊച്ചി: ട്രോളിംഗ് നിരോധനത്തിനൊപ്പം രണ്ടുദിവസമായി തുടരുന്ന പെരുമഴയിൽ മത്സ്യബന്ധനം കൂടി മുടങ്ങിയതോടെ മത്തി (ചാള) വില രണ്ടിരട്ടിയായി വർദ്ധിച്ചു. ദിവസങ്ങൾക്ക് മുമ്പ് 100- 200 രൂപയായിരുന്ന മത്തിയുടെ വില ഇന്നലെ 300 രൂപയിലെത്തി.

ട്രോളിംഗ് നിരോധനത്തോടെ ഉയർന്ന വില അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്തിയെത്തിയതോടെയാണ് കുറഞ്ഞത്. ഒരുമാസത്തോളം 400 രൂപയിൽ കുറയാതെ നിന്ന വില രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നേർപകുതിയായി കുറഞ്ഞത്. കേരളത്തിൽ കൊല്ലം വാടി കടപ്പുറത്തും കോഴിക്കോട് ചോമ്പാൽ കടപ്പുറത്തും മത്തി സുലഭമായതോടെയാണ് വില കുറയാൻ കാരണം. തമിഴ്നാട്ടിൽ നിന്നും മത്തി ധാരാളമായി എത്തുന്നുണ്ട്. എന്നാൽ എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മത്സ്യബന്ധന വള്ളങ്ങൾ കടലിലേക്ക് പോകുന്നില്ല.

നെയ്ചാള സുലഭം

ആവശ്യത്തിന് വലിപ്പമുള്ള നല്ല നെയ്ച്ചാളയാണ് കേരളത്തിലെ തീരത്തുനിന്ന് ലഭിക്കുന്നത്. മദ്ധ്യകേരളത്തിൽ ഇതുവരെ മത്തി ലഭിച്ചു തുടങ്ങിയില്ല. ചെല്ലാനം, കാളമുക്ക് എന്നിവിടങ്ങളിലെ ഹാർബറുകളിൽകൂടി മത്തി എത്തിയാൽ വീണ്ടും വില കുറഞ്ഞേക്കും. ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ മത്തി ലഭ്യത കൂടുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 31വരെയാണ് ട്രോളിംഗ് നിരോധനം.

കേരളത്തിലെത്തുന്ന മീനുകൾ

തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേയ്ക്ക് മത്തി കൂടുതലായി എത്തുന്നത്. കടലൂർ, നാഗപട്ടണം മേഖലകളിൽ നിന്നാണ് മത്തി എത്തുന്നത്. അവിടെ കേരളത്തിന് സമാനമായ രീതിയിലുള്ള നെയ്ചാള സുലഭമായി ലഭിക്കും. അവിടെനിന്ന് 40- 50 രൂപയ്ക്കാണ് കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടുകാർക്ക് നെയ്ചാള താത്പര്യമില്ലാത്തതിനാൽ പിടിക്കുന്ന മുഴുവൻ മീനും കേരളത്തിലേക്ക് എത്തും. കർണാടകയിൽ നിന്ന് അയലയും ആന്ധ്രയിൽ നിന്ന് കിളിമീനുമെത്തുന്നുണ്ട്.

മത്തിവില