മുംബയ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ട്രാവൽ വ്‌ളോഗറുമായ യുവതി റീൽസ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണുമരിച്ചു. മുംബയിലെ മുളുന്ദ് സ്വദേശിനിയായ അൻവി കാംദാറാണ് (27) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. റായ്ഗഡ് ജില്ലയിലെ മനഗോണിലെ കുംഭെ വെളളച്ചാട്ടത്തിന് സമീപത്തുളള മലയിടുക്കിലാണ് യുവതി കാൽവഴുതി വീണത്. സുഹൃത്തുക്കളോടൊപ്പം അൻവി അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
അപകടം സംഭവിച്ചയുടൻ തന്നെ അൻവിയുടെ സുഹൃത്തുക്കൾ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ആറ് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിലാണ് അൻവിയെ പുറത്തെടുത്തത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ മനഗോൺ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുളള താരമാണ് അൻവി. ദി ഗ്ലോക്കൽ ജേണൽ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്നത്. അൻവി കൂടുതലായും ട്രാവൽ വ്‌ളോഗുകളും ഭക്ഷണ വീഡിയോകളും രസകരമായ സംഭവങ്ങളും അവതരിപ്പിച്ചുക്കൊണ്ടുളള കണ്ടന്റുകളാണ് ചെയ്തിരുന്നത്. ചാർട്ടേഡ് അക്കൗണ്ടാണ്.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് അൻവി സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ പങ്കുവച്ചത്. അടുത്ത മാസം 15ന് ട്രിപ്പ് പോകുന്നതിനായി ആരാധരോട് സ്ഥലം തിരഞ്ഞെടുക്കാൻ പറയുന്നതായിരുന്നു വീഡിയോ. അൻവിയുടെ മരണത്തോടെ വെളളച്ചാട്ടത്തിലേക്കുളള പ്രവേശനം ജില്ലാ ഭരണകൂടം നിയന്ത്രിച്ചിട്ടുണ്ട്.