മുംബയ്: കോടികൾ ചെലവിട്ട് ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹം അച്ഛൻ മുകേഷ് അംബാനി നടത്തിയിട്ട് ദിസവങ്ങൾ മാത്രമേ ആകുന്നുളളൂ. മരുമകളെ തിരഞ്ഞെടുത്തതിൽ മുകേഷ് അംബാനിക്ക് ഒട്ടും പിഴച്ചില്ലെന്ന് അനുഭവം തന്നെ സാക്ഷി. മരുമകൾ രാധിക മെർച്ചെന്റ് വലതുകാൽവച്ച് വീട്ടിൽ കയറിയതുമുതൽ മുകേഷിന് നല്ല കാലമാണ്. വിവാഹത്തിനായി 5000കോടിയോളം രൂപ ചെലവാക്കിയിട്ടും മുകേഷിന്റെ സമ്പത്തിൽ കുറവുവന്നിട്ടില്ലെന്നുമാത്രമല്ല ആസ്തിയിൽ 25,000 കോടിയുടെ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു.
ബ്ലൂംബെർഗ് ബില്യണയർ സൂചനപ്രകാരം ജൂലായ് അഞ്ചിന് അംബാനിയുടെ ആസ്തി 118 ബില്യൺ ഡോളറായിരുന്നു. എന്നാൽ ജൂലായ് 12 ആയപ്പോഴേക്കും ഇത് 121 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ ആഗോള സാമ്പത്തിക റാങ്കിംഗിലും അംബാനിയുടെ സ്ഥാനം ഉയർന്നു. നിലവിൽ ലോകത്തെ ഏറ്റവും ധനികനായ വ്യക്തികളിൽ മുകേഷ് അംബാനിയുടെ സ്ഥാനം പതിനൊന്നാമതാണ്. നേരത്തേ ഇത് 12 ആയിരുന്നു. ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മുകേഷ് തുടരുകയാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ മിന്നും പ്രകടനമാണ് അംബാനിക്ക് തുണയായത്. അനന്തിന്റെയും രാധികയുടെയും വിവാഹ ദിനത്തിൽ റിലയൻസ് ഓഹരികളിൽ ഒരുശതമാനം വർദ്ധനവാണുണ്ടായത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരികൾ 6.65 ശതമാനമാണ് വർദ്ധിച്ചത്. ഇതിനൊപ്പം മുകേഷിന്റെ കൂർമ ബുദ്ധിയും കൂടിയതോടെ സമ്പത്ത് കുതിച്ചുയരുകയായിരുന്നു.
ശരിക്കും ചെലവ് എത്ര
അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് 5000 കോടിരൂപയാണ് മുകേഷ് ചെലവാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നതെങ്കിലും ശരിക്കും എത്രരൂപ ചെലവായെന്ന് വ്യക്തമായ കണക്കുകൾ ഒന്നും ലഭ്യമല്ല. ആഡംബരങ്ങളുടെ അവസാനവാക്കായിരുന്നു വിവാഹം. വിവാഹ ക്ഷണക്കത്ത്, വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സദ്യ, അതിഥികൾക്ക് നൽകിയ ഗിഫ്റ്റുകൾ തുടങ്ങിയവയ്ക്ക് കോടികളാണ് അംബാനി വാരിവീശിയത്. ഷാരൂഖ് ഖാൻ, രൺവീർ കപൂർ ഉൾപ്പടെയുള്ള വരന്റെ അടുത്ത സുഹൃത്തുക്കൾക്ക് രണ്ടുകോടിയുടെ വാച്ചാണ് സമ്മാനമായി നൽകിയത്. ഇരുപത്തഞ്ചുപേർക്കാണ് ഇത്തരത്തിൽ വാച്ചുകൾ നൽകിയതെന്നാണ് റിപ്പോർട്ട്.
അനന്ത് അംബാനിക്കായി ഡിസൈൻ ചെയ്ത സ്വർണം പതിപ്പിച്ച ഷേർവാണിക്ക് 214 കാേടി രൂപയായിരുന്നു വില. ചടങ്ങുകളിൽ അനന്ത് അംബാനി ധരിച്ച റിച്ചാർഡ് മിലെയുടെ ആർ. എം 52-05 എന്ന വാച്ച് ബ്രാൻഡിന്റെ വില 12.5 കോടി രൂപയാണ്. വിവാഹ ചടങ്ങുകൾക്കും സൽക്കാരങ്ങൾക്കും അതിഥികളെ താമസിപ്പിക്കുന്നതിനും വിമാനങ്ങളും വാടക ഇനത്തിലും മറ്റുമായി ഏകദേശം മൂവായിരം കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കാക്കുന്നത്.