airport

തിരുവനന്തപുരം: വിമാനത്താവളത്തിലെ മഴവെള്ളച്ചാലുകൾ ഇനി മനുഷ്യൻ വൃത്തിയാക്കേണ്ട. ചെളിയും മണ്ണും നിറഞ്ഞ ചാലുകൾ 'വിൽബോർ" എന്ന റോബോട്ട് നിമിഷങ്ങൾക്കകം വെടിപ്പാക്കും. ടെക്നോപാർക്ക് ആസ്ഥാനമായ ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസ് കമ്പനിയാണ് ആശയത്തിനു പിന്നിൽ. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സാഹചര്യത്തിലാണ് വിമാനത്താവളത്തിന്റെ നടത്തിപ്പുച്ചുമതലയുള്ള അദാനി ഗ്രൂപ്പ്, റോബോട്ടിനെ ഉപയോഗിക്കാൻ തീരുമാനിച്ചത്. രാജ്യത്താദ്യമായാണ് വിമാനത്താവളം വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നത്.

അരമീറ്റർ മുതൽ എത്ര വലിയ ചാലിലും വിൽബോറിനെ ഉപയോഗിക്കാം. വലിച്ചെടുക്കുന്ന മാലിന്യം ഉള്ളിൽ ശേഖരിക്കും. പ്ലാസ്റ്റിക് ശേഖരിക്കാൻ മുൻവശത്ത് പ്രത്യേകം ഭാഗമുണ്ട്. രാത്രിയിലടക്കം പ്രവർത്തിപ്പിക്കാൻ നാലു നൈറ്റ്‌വിഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചാലിനുള്ളിലെ തടസങ്ങളും തകരാറുകളും കണ്ടെത്താം. ഭാവിയിൽ ഫോണിലൂടെ ചാലിന്റെ അവസ്ഥ കാണാനാകുന്ന സംവിധാനം വികസിപ്പിക്കും.

robot

ടെക്നോപാർക്കിലായിരുന്നു വിൽബോറിന്റെ രൂപകല്പന. അദാനി ഗ്രൂപ്പുമായി കമ്പനി ചൊവ്വാഴ്ച കരാറിലേർപ്പെട്ടു. രണ്ടുമാസത്തിനകം ഒരു യൂണിറ്റ് നൽകണമെന്നാണ് കരാർ. പ്രവർത്തിപ്പിക്കുന്നതിന് എയർപോർട്ട് ജീവനക്കാർക്ക് ജെൻറോബോട്ടിക്സ് പരിശീലനം നൽകുമെന്ന് സി.ഇ.ഒ വിമൽഗോവിന്ദ് പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാദൗത്യത്തിൽ കമ്പനിയുടെ റോബോട്ടുകൾ പങ്കാളികളായിരുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെ.എസ്.ഐ.ഡി.സി) ഒരുവർഷമെടുത്താണ് നിർമ്മിച്ചത്.

കിണറും വൃത്തിയാക്കാം

ജല അതോറിട്ടിയുമായി സഹകരിച്ച് കിണറുകളും അഴുക്കുചാലുകളും വൃത്തിയാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വിൽബോർ ഉപയോഗിക്കുന്നുണ്ട്. കിണറുകൾ നിമിഷനേരത്തിൽ വൃത്തിയാക്കും. ഒരുവർഷം മുമ്പ് മലേഷ്യയിൽ സ്വീവേജ് മാലിന്യം നീക്കാനായി ഇവ കയറ്റുമതി ചെയ്തിരുന്നു.

നാലാമൻ

2018ൽ ആരംഭിച്ച കമ്പനിയുടെ നാലാമത്തെ റോബോട്ടാണ് വിൽബോർ. മാൻഹോളുകൾ വൃത്തിയാക്കുന്ന ബാൻഡികൂട്ട്, റിഫൈനറികളിൽ ഉപയോഗിക്കുന്ന ഡ്രാക്കോ, വെള്ളപ്പൊക്കത്തിന് ശേഷം വെള്ളം വലിച്ചെടുക്കുന്ന മാമ്മോത്ത് എന്നിവയാണ് മറ്റുള്ളവ.