ഭക്ഷണ സാധനങ്ങളും പാനീയവും വീട്ടുസാധനങ്ങളുമെല്ലാം ഓൺലെെനിൽ ഓഡർ ചെയ്താൽ വീട്ടിൽ എത്തുന്ന സംവിധാനങ്ങൾ ഉണ്ട്. വീട്ടിലിരുന്ന് തന്നെ നമ്മുക്ക് ആവശ്യനുസരണം ഇഷ്ടമുള്ള സമയത്ത് സാധനങ്ങൾ വാങ്ങാം. എന്നാൽ ഇത്തരത്തിൽ മദ്യം എത്തിയാലോ? അതിന് കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, തുടങ്ങിയവയിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്.
ദി ഇക്കണോമിക് ടെെംസിന്റെ റിപ്പോർട്ട് പ്രകാരം കേരളം, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, ഡൽഹി എന്നി സംസ്ഥാനങ്ങൾ ഈ പദ്ധതി പരിഗണിക്കുന്നുണ്ട്. നിലവിൽ പശ്ചിമ ബംഗാളിലും ഒഡീഷയിലും മാത്രമാണ് ഓൺലെെനായി മദ്യം വിതരണം ചെയ്യുന്നത്. ഈ പദ്ധതി ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ബിയർ, വെെൻ തുടങ്ങിയ കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾ വിതരണം ചെയ്ത് തുടങ്ങും.
മദ്യം വീട്ടുപടിക്കൽ
കൊവിഡ് മഹാമാരിക്കാലത്താണ് മദ്യം ഓൺലെെനായി ഓഡർ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ മിക്ക സംസ്ഥാനങ്ങളിലും കൊണ്ടുവരുന്നത്. 2020ൽ പശ്ചിമ ബംഗാൾ ഗവൺമെന്റ് ഇത് ഹോം ഡെലിവറി ചെയ്യാനുള്ള പദ്ധതി ആരംഭിച്ചിരുന്നു. സ്വിഗ്ഗി, സ്പെൻസർ തുടങ്ങിയ ചില ഓൺലെെൻ ഡെലിവറി ആപ്പുകൾ ഈ സംരംഭത്തിന് കെെക്കോർത്തപ്പോൾ ഇത് വലിയ ഹിറ്റ് പദ്ധതിയായി മാറി.
വളരെ എളുപ്പത്തിൽ തടസമില്ലാതെ ഇതിലൂടെ മദ്യം വാങ്ങാൻ കഴിയുമെന്ന് ഒരാൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കൗണ്ടറിൽ വിൽക്കപ്പെടുന്ന 15 ശതമാനവും ഹോം ഡെലിവറി ഓർഡറുകളാണെന്ന് കൊൽക്കത്തയിലെ ഒരു പ്രമുഖ റീട്ടെയിലർ ദി ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നി സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണത്തോടെ മദ്യം ഡെലിവറി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉണ്ടായിട്ടും അവിടെയും ഈ പദ്ധതി വലിയ വിജയമാണെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോം ഡെലിവറിയിലൂടെ പശ്ചിമ ബംഗാളിലും ഒഡീഷയിലും മദ്യ വില്പനയിൽ 20 -30 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി റീട്ടെയിൽ വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു.
ഗുണങ്ങൾ
വളരെ എളുപ്പത്തിൽ ക്യൂ നിൽക്കാതെ തന്നെ ജനങ്ങൾക്ക് മദ്യം വാങ്ങാൻ കഴിയും. കൂടാതെ ഇത് വ്യക്തികളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കുന്നുണ്ട്. സ്വിഗ്ഗിയിലെ കോർപ്പറേറ്റ് അഫയേഴ്സ് വെെസ് പ്രസിഡന്റ് ഡിങ്കർ വസിഷ് ഓൺലെെനിലൂടെ മദ്യം വിൽക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്. ഇത് പ്രായ പരിശോധന കൃത്യമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എക്സെെസ് നിർദേശങ്ങളും പാലിച്ചാണ് ഓൺലെെനിൽ മദ്യം വിൽപന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിൽ മദ്യം ഓഡർ ചെയ്യുന്നതിന് മുൻപ് ആപ്പിൽ സർക്കാർ അനുവദിച്ച ഐഡിയുടെ ചിത്രവും ഒരു സെൽഫിയും അപ്ലോഡ് ചെയ്യണം. പ്രായം സ്ഥിരീകരിച്ച ശേഷം മാത്രമേ ഓഡർ സ്വീകരിക്കുകയുള്ളൂ. ഓഡറിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മദ്യം ഹോം ഡെലിവറി ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് സൗകര്യം വർദ്ധിക്കുന്നുവെന്നും രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് സഹായിക്കുമെന്നും ബിയർ കഫേ ചീഫ് എക്സിക്യൂട്ടീവ് രാഹുൽ സിംഗ് ദി ഇക്കണോമിക് ടെെംസിനോട് മുൻപ് പറഞ്ഞിട്ടുണ്ട്.
വെല്ലുവിളികൾ
മദ്യം ഓൺലെെനായി വില്പന നടത്തുന്നതിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും. മദ്യശാലകൾ ഈ പദ്ധതി നടപ്പിലാക്കാതിരിക്കാൻ സർക്കാരിന് മുകളിൽ സമ്മർദ്ദം ചെലുത്തും. ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിലും മദ്യശാലകളുടെ സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം.
മദ്യം ഹോം ഡെലിവറി ചെയ്യുന്നതിനുള്ള പ്രധാന ഇ - കൊമേഴ്സ് കമ്പനികളിലൊന്നായ ഹിപ്ബാർ 2021ൽ കർണാടകയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ചില പ്രാദേശിക ലോബികളുടെ സമ്മർദ്ദങ്ങൾ കാരണം അതിന്റെ സേവനം നിർത്തിയതായി സ്ഥാപകൻ പ്രസന്ന നടരാജൻ ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്തവർ ഈ സൗകര്യം ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുമുണ്ട്.
മാറികടക്കാൻ നിരവധി വെല്ലുവിളികളുണ്ടെങ്കിലും മദ്യം ഹോം ഡെലിവറി ചെയ്യുന്ന പദ്ധതി പല സംസ്ഥാനങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് വിജയകരമായാൽ മറ്റ് വിപണികൾക്കും വ്യവസായങ്ങൾക്കും പിന്തുടരാൻ ഒരു മാതൃക സൃഷ്ടിക്കുമെന്നും കരുതുന്നു. .