ramayanam

വാൽമീകി രാമായണത്തേക്കാൾ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിനാണ് മലയാളികൾ പ്രാധാന്യം നൽകുന്നത് എന്ന് കർക്കിടക മാസത്തിലെ രാമായണ പാരായണ അനുഷ്ഠാനത്തിൽ നിന്ന് വ്യക്തമാണ്. ധർമ്മചിന്ത വളർത്താനും ഭക്തിയെ സ്വഭാവമാക്കാനും രാമായണം കിളിപ്പാട്ടിനു കഴിഞ്ഞു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം,സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ ആറ് കാണ്ഡങ്ങളിലൂടെ ശ്രീപരമേശ്വരൻ ശ്രീപാർവതിക്ക് ഉപദേശിച്ച രാമകഥ തുഞ്ചത്താചാര്യൻ അതിമനോഹരമായി കിളിപ്പാട്ട് രൂപത്തിൽ മലയാളത്തിലേക്ക് പകർത്തിയിരിക്കുന്നു. മലയാള ഭാഷയുടെ യഥാർത്ഥ സൗന്ദര്യം കിളിപ്പാട്ടിലെ ഓരോ വരിയിലും ദൃശ്യമാണ്.

ജനനം, മരണം, വിവാഹം , ഗൃഹപ്രവേശം തുടങ്ങിയ സന്ദർഭങ്ങളിൽ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലെ പ്രസക്തഭാഗങ്ങൾ പൂർവികർ പാരായണം ചെയ്തു വന്നിരുന്നു. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പതിവായി വായിക്കുന്നവർക്ക് അക്ഷരശുദ്ധിയും ഭാഷാശുദ്ധിയും ആശയവിനിമയ വൈദഗ്ദ്ധ്യവും ഉണ്ടാകുന്നതാണ്.
ഏതു നേരത്തും വായിക്കാവുന്ന ഗ്രന്ഥമാണ് രാമായണം. ബാലകാണ്ഡം ആരംഭിക്കുന്ന ഘട്ടത്തിൽ ആചാര്യൻ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ധ്യാത്മ രാമായണം സ്വാധ്യായമായും അനുഷ്ഠാനപരമായും പാരായണം ചെയ്യാം. ദിവസവും പാരായണം ചെയ്യുന്നതാണ് സ്വാദ്ധ്യായം. സൗകര്യമുള്ളിടത്തിരുന്ന് ഭക്തിയോടെ പാരായണം ചെയ്യുന്നതാണ് സ്വാദ്ധ്യായ രീതി. എന്നാൽ,​ അനുഷ്ഠാനമായിട്ടാണ് ചെയ്യുന്നതെങ്കിൽ വിധിപ്രകാരം തന്നെ വേണം.

കർക്കിടക മാസം ഒന്നാം തിയതി പാരായണമാരംഭിച്ച് മാസാന്ത്യത്തിൽ അവസാനിപ്പിക്കുന്നതാണ് അനുഷ്ഠാനപരമായ പാരായണം. ഇത് വ്രതനിഷ്ഠയോടെ നിലവിളക്കിനു മുമ്പിൽ ശുദ്ധമായ സ്ഥലത്തിരുന്ന് ചെയ്യേണ്ട അനുഷ്ഠാനമാണ്. ഉച്ചവരെ കിഴക്കോട്ട് തിരിഞ്ഞും ഉച്ചയ്ക്കു ശേഷം വടക്കോട്ടു തിരിഞ്ഞുമിരുന്ന് വേണം പാരായണം. പാരായണം തുടങ്ങുമ്പോൾ ചൊല്ലേണ്ട വന്ദനശ്ലോകങ്ങളും അവസാനിപ്പിക്കുമ്പോൾ ചൊല്ലേണ്ട വന്ദനശ്ലോകങ്ങളുമുണ്ട്.

മറ്റൊരു അവതാര മൂർത്തിക്കും ശ്രീരാമനെപ്പോലെ ജീവിതത്തിൽ ഇത്രയേറെ ക്ലേശിക്കേണ്ടി വന്നിട്ടില്ല. ആളും അർത്ഥവും അധികാരവും ആദർശവും ആശയവുമെല്ലാം ഉണ്ടായിട്ടും കാട്ടിൽ, കദനത്തിൽ, കരളലിയിക്കുന്ന തരത്തിൽ രാമന് കഴിയേണ്ടി വന്നു. സുഖമെന്നത് മനുഷ്യനെന്ന പോലെ മനുഷ്യാവതാരമെടുത്ത രാമനും ഒരു മരീചികയായിരുന്നു. സീതാദേവിയുമൊത്ത് അധികനാൾ കൊട്ടാരത്തിൽ സസുഖം കഴിയാൻ രാമന് ഭാഗ്യമുണ്ടായില്ല. രാവണന്റെ ബന്ധനത്തിൽ അശോകവനിയിൽ കഴിഞ്ഞ ജനകജയെക്കുറിച്ച് പ്രജകൾ പലതും പറയാൻ തുടങ്ങിയപ്പോൾ പ്രജാഹിതം മാനിക്കുന്ന രാമൻ പൂർണ ഗർഭിണിയായ സീതയെ കാട്ടിൽ ഉപേക്ഷിച്ചു. സർവംസഹയുടെ പുത്രിയായ സീതയെ ഈ സന്ദർഭത്തിൽ രക്ഷിച്ചത് വാൽമീകി മഹർഷിയാണ്. വാല്മീക്യാശ്രമത്തിൽ പ്രസവിച്ച ലവകുശന്മാർ ക്ഷത്രിയ കുമാരന്മാരായിത്തന്നെ വളർന്നു.

വാൽമീകിയോടൊപ്പം അയോദ്ധ്യയിലെത്തിയ സീതയേയും പുത്രന്മാരേയും ദുഃഖിതരായ ജനങ്ങളുടെ വികാരത്തെ മാനിച്ച് സ്വീകരിക്കാൻ രാമൻ സന്നദ്ധനായി. രാമസന്നിധിയിലെത്തിയ സീത പശ്ചാത്താപകർശിതനായ രാമന്റെ മുഖത്തേക്കു നോക്കി. ദേഹം വെടിയാനൊരുങ്ങി. മകളുടെ കണ്ണീർ കണ്ടപ്പോൾ അമ്മയായ ഭൂമിയുടെ ഇടനെഞ്ചു പൊട്ടി. അങ്ങനെയുണ്ടായ പിളർപ്പിൽ സീത അന്തർദ്ധാനം ചെയ്തു. പിതൃഭക്തി, മാതൃഭക്തി, സത്യനിഷ്ഠ, ധർമ്മനിഷ്ഠ, തുടങ്ങിയ ഉന്നതാദർശങ്ങളുടേയും ഉത്തമ ഗുണങ്ങളുടേയും വിളനിലമായ രാമന് പ്രാധാന്യം നൽകുന്ന ആദികാവ്യത്തിന് രാമായണം എന്ന പേര് അന്വർത്ഥം തന്നെയാണ്. എന്നാൽ,​ പതിദേവതയും മനസ്വിനിയുമായ സീതാദേവിയുടെ കരുണാർദ്രമായ കഥയ്ക്കും ഈ കൃതിയിൽ പ്രാധാന്യമുണ്ട്. അപ്പോൾ രാമായണത്തെ സീതായനം എന്നു കൂടി വിളിക്കേണ്ടേ? എന്നാൽ മനുഷ്യന്റെ ധർമ്മസങ്കടങ്ങളെല്ലാം ഏറ്റുവാങ്ങി ഒരു അഗ്നിപർവതത്തെ ആരുമറിയാതെ ആത്മാവിൽ ഒളിപ്പിച്ച് അടിപതറാതെ കഴിഞ്ഞ ശ്രീരാമചന്ദ്രന് സമശീർഷനായി പുരാണങ്ങളിൽ മറ്റൊരു അവതാരമൂർത്തിയുമില്ല.

(അവസാനിച്ചു)​