chapati

ആള് വടക്കേ ഇന്ത്യക്കാരനാണെങ്കിലും മലയാളികളുടെ പതിവ് പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ചപ്പാത്തി. ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന വിഭവമായതിനാൽ ഡയബറ്റീസ് ഉള്ളവർക്കും ഡയറ്റ് നോക്കുന്നവർക്കും ഇതിനോട് പ്രത്യേക പ്രിയമാണ്. എന്നാൽ ഉണ്ടാക്കിയെടുക്കാൻ കുറച്ച് സമയം വേണ്ടിവരുമെന്നതിനാൽ പലരും ചപ്പാത്തി പുറത്തുനിന്ന് വാങ്ങുകയോ ഇൻസ്റ്റന്റ് ചപ്പാത്തി വാങ്ങിയുണ്ടാക്കുക ആയിരിക്കും ചെയ്യുന്നത്. പെട്ടെന്ന് ആഹാരം ഉണ്ടാക്കണമെങ്കിൽ ചപ്പാത്തിയെ ഒഴിവാക്കുന്നവരും ഉണ്ട്. എന്നാൽ മിനിട്ടുകൾക്കുള്ളിൽ ചപ്പാത്തിയുണ്ടാക്കാൻ എളുപ്പവഴിയുണ്ടെങ്കിലോ? ഈ സൂത്രമൊന്ന് പരീക്ഷിച്ചുനോക്കൂ.

മൂന്നോ നാലോ പേർക്ക് മാത്രമായി ചപ്പാത്തി ഉണ്ടാക്കുന്നവർക്ക് ഈ ഐഡിയ ശ്രമിച്ചുനോക്കാം.ആദ്യം ഒരു പ്ളാസ്റ്റിക് ബോട്ടിലോ ജാറോ എടുക്കുക.ഇതിലേയ്ക്ക് ആവശ്യത്തിന് ഗോതമ്പ് മാവ്, ഉപ്പ്, ഒരു ടീസ്‌പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തതിനുശേഷം നന്നായി കുലുക്കണം. എല്ലാ ചേരുവകളും മിക്‌സ് ആയി കഴിയുമ്പോൾ മാവ് ചപ്പാത്തിപ്പരുവത്തിന് കുഴയ്ക്കാൻ ആവശ്യമായ വെള്ളം ചേർക്കണം. ഇനി ബോട്ടിൽ അടച്ചുവച്ച് ശക്തമായി കുലുക്കാം. മാവ് ചപ്പാത്തിപ്പരുവത്തിന് കുഴഞ്ഞുകിട്ടും.

മാവ് എളുപ്പത്തിൽ പരത്തിയെടുക്കാനും സൂത്രമുണ്ട്. മാവ് വാങ്ങുമ്പോൾ അല്ലെങ്കിൽ ബേക്കറി പലഹാരങ്ങളും മറ്റും വാങ്ങുമ്പോൾ കിട്ടുന്ന കവറിന്റെ വശങ്ങൾ മുറിച്ച് രണ്ട് ഭാഗങ്ങളാക്കണം. ഇനി മാവ് ഉരുളയാക്കി ഒരു വശത്ത് വച്ചിട്ട് മറുഭാഗം കവർകൊണ്ട് മൂടിയതിനുശേഷം കൈകൊണ്ടുതന്നെ എളുപ്പത്തിൽ പരത്തിയെടുക്കാം. ഇത്തരത്തിൽ വെറും മിനിട്ടുകൾകൊണ്ടുതന്നെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം.