tte

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ ട്രാവലിംഗ് ടിക്കറ്റ് എക്‌‌സാമിനർ (ടിടിഇ) ട്രെയിനിൽ നിന്ന് പുറത്താക്കുന്നത് പതിവ് കാഴ്‌ചയാണ്. ടിടിഇ പിടികൂടാതെ രക്ഷപ്പെടുന്നവരുമുണ്ട്. എന്നാൽ ടിക്കറ്റ് ഉണ്ടെങ്കിൽ കൂടി ടിടിഇയ്ക്ക് യാത്രക്കാരെ പുറത്താക്കാനുള്ള അധികാരമുണ്ടെന്നത് പലർക്കും അറിവില്ലാത്ത കാര്യമായിരിക്കും.

യാത്രയ്ക്ക് മുൻപോ യാത്രയ്ക്കിടയിലോ പാസഞ്ചറുടെ ആരോഗ്യം മോശമാണെന്ന് ടിടിഇയ്ക്ക് ബോദ്ധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിന്റെ യാത്ര തടയാനുള്ള അധികാരം ടിടിഇക്കുണ്ട്. ഏത് ക്ളാസ് ടിക്കറ്റ് ആണെങ്കിലും ഈ നിയമം ബാധകമാണ്. യാത്രയ്ക്കിടെ ആരോഗ്യം മോശമാകാവുന്ന അവസ്ഥയിലും യാത്ര തുടരണമെന്ന് ഒരാൾ നിർബന്ധംപിടിക്കുന്ന പക്ഷം ടിടിഇയ്ക്ക് അയാളെ ട്രെയിനിൽ നിന്ന് പുറത്താക്കാം. യാത്രക്കാരന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് ഇന്ത്യൻ റെയിൽവേ ഈ നിയമം നടപ്പിലാക്കുന്നതെന്ന് റെയിൽവേ ഡയറക്‌ടർ വ്യക്തമാക്കുന്നു.

ട്രെയിൻ യാത്രയ്ക്കിടെ പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കാൻ ബുദ്ധിമുട്ടാണെന്നത് കണക്കിലാക്കിയാണ് ഈ നിയമം നടപ്പിലാക്കുന്നത്. മോശം ആരോഗ്യാവസ്ഥയിലും യാത്ര തുടരണമെന്ന് നിർബന്ധമുള്ളവർ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം ടിടിഇയ്ക്ക് ഇവരെ ട്രെയിനിൽ കയറാൻ അനുവദിക്കാതിരിക്കുകയോ ട്രെയിനിൽ നിന്ന് പുറത്താക്കുകയോ ചെയ്യാം. ഈ നിയമം പാലിക്കാത്ത ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും റെയിൽവേയ്ക്ക് അധികാരമുണ്ട്.