ramesh-chennithala

കോട്ടയം: പിണറായി സർക്കാർ വിചാരിച്ചാലും ഉമ്മൻചാണ്ടിയുടെ സംഭാവനകളെ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പിട്ടത് ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടിയുടെ പേര് അന്ന് പരാമർശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ് പിണറായിക്കെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് തങ്ങളുടെ മര്യാദയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവാണ്. ഭരണസംവിധാനങ്ങളെ ജനങ്ങൾക്ക് സഹായകരമായ രീതിയിൽ അദ്ദേഹം ചലിപ്പിച്ചു.നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം.നാടിനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികൾക്കായി അദ്ദേഹം മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നു. വേഗത്തിൽ തീരുമാനം എടുക്കാനും അതേ വേഗത്തിലത് നടപ്പിലാക്കാനും കഴിഞ്ഞ ഭരണാധികൂടിയായിരുന്നു ഉമ്മൻചാണ്ടി. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അദ്ദേഹം ഭയപ്പെട്ടില്ലെന്നും ആൾക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ശക്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി. വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍,കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, അഡ്വ.ജി.സുബോധൻ,പഴകുളം മധു, രാഷ്ട്രീയ കാര്യസമിതി അംഗം വി.എസ്.ശിവകുമാർ,നേതാക്കളായ ശരത് ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്,വിതുര ശശി, പാളയം അശോക്, നദീറ സുരേഷ്, കമ്പറ നാരായണന്‍, ചാക്കരവി, മുടവൻ മുകൾ രവി,പ്രാണകുമാർ തുടങ്ങിയവർ പങ്കെടുത്തു.