bull

കൊച്ചി: അമേരിക്കയിൽ ഡൊണാൾഡ് ട്രംമ്പ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനങ്ങളും പലിശ കുറയാനുള്ള സാദ്ധ്യതകളും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെയും റെക്കാഡ് മുന്നേറ്റം സൃഷ്ടിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി സൂചികകൾ റെക്കാഡ് പുതുക്കി മുന്നേറുന്നത്. ഐ.ടി മേഖലയിലെ കമ്പനികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 627 പോയിന്റ് നേട്ടവുമായി 81,343ൽ അവസാനിച്ചു. തുടക്കത്തിൽ നഷ്ടത്തോടെ വ്യാപാരം നടന്ന സെൻസെക്സ് ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ മുന്നേറ്റം നടത്തിയത്. ഒരവസരത്തിൽ സെൻസെക്സ് 81,522.5വരെ ഉയർന്നിരുന്നു. ദേശീയ സൂചികയായ നിഫ്റ്റി 188 പോയിന്റ് ഉയർന്ന് 24,801ൽ അവസാനിച്ചു.

ടി.സി.എസ്, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ്, എസ്.ബി.ഐ, എച്ച്.സി.എൽ ടെക്ക്, ഭാരതി എയർടെൽ, ഐ.ടി.സി എന്നിവയാണ് ‌ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മികച്ച മുന്നേറ്റം കാഴ്‌ചവെച്ചു.

രൂപയുടെ മൂല്യം ഇടിയുന്നു

ഇറക്കുമതി സ്ഥാപനങ്ങൾ വൻതോതിൽ ഡോളർ വാങ്ങാൻ രംഗത്തെത്തിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയ്ക്ക് അരികിലെത്തി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 83.65ൽ വ്യാപാരം പൂർത്തിയാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായെങ്കിലും രൂപയ്ക്ക് കാര്യമായ ഗുണം ചെയ്തില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കൂടുതൽ പണം എത്തിച്ചതും രൂപയുടെ സമ്മർദ്ദം കുറച്ചില്ല.