r

റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐ.ഇ.ഡി സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു.

നാല് ജവാന്മാർക്ക് പരിക്കേറ്റു. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്.ടി,എഫ്) ജവാന്മാരായ ഭരത് ലാൽ സാഹു, സത്യേർ സിംഗ് കാഗേ എന്നിവരാണ് വീരമൃത്യു വരിച്ചത്. ബീജാപൂർസുക്മദന്തേവാഡ ജില്ലകളിലെ വന മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുശേഷം മടങ്ങുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം. സുരക്ഷ ശക്തമാക്കിയെന്നും പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റ ജവാന്മാർ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റും.

കഴിഞ്ഞ 23ന് സുക്മ ജില്ലയിൽ ഐ.ഇ.ഡി. പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
കഴിഞ്ഞ മാസം നാരായൺപൂർ ജില്ലയിൽ ആറ് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു.