
സ്ട്രാസ്ബർഗ്: യൂറോപ്യൻ കമ്മിഷന്റെ പ്രസിഡന്റായി ഉർസുല വോൺ ഡെർ ലെയ്നെ (65) വീണ്ടും തിരഞ്ഞെടുത്തു. അഞ്ച് വർഷമാണ് കാലാവധി. ഇന്നലെ ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 401 അംഗങ്ങളുടെ പിന്തുണ ഉർസുലയ്ക്ക് ലഭിച്ചു. 720 അംഗങ്ങളാണ് യൂറോപ്യൻ പാർലമെന്റിലുള്ളത്.
യൂറോപ്യൻ പീപ്പിൾസ് പാർട്ടി അംഗമായ ഉർസുല 2019ലാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധം, കാലാവസ്ഥ തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുമെന്ന് ഉർസുല പറഞ്ഞു. ജർമ്മനിയുടെ മുൻ പ്രതിരോധ, തൊഴിൽ മന്ത്രിയാണ് ഉർസുല. യൂറോപ്യൻ യൂണിയന്റെ (ഇ.യു) കാര്യനിർവ്വഹണ വിഭാഗമാണ് യൂറോപ്യൻ കമ്മിഷൻ.