
ആറു ടീമുകളിൽ ഒന്നിന്റെ ഉടമയായി സംവിധായകൻ പ്രിയദർശൻ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ രണ്ടു മുതൽ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിൽ പങ്കെടുക്കുന്ന ആറു ടീമുകളെ മത്സര സ്വഭാവമുള്ള ടെർഡർ നടപടി ക്രമങ്ങളിലൂടെയാണ് തിരഞ്ഞെടുത്തത്.
പ്രസിദ്ധ സിനിമാ സംവിധായകൻ പ്രിയദർശനും ജോസ് പട്ടാറയും ചേർന്ന കൺസോർഷ്യം, സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കൺസോർഷ്യം) , ടി. എസ്. കലാധരൻ (കൺസോൾ ഷിപ്പിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോർജ് മാനുവൽ (എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇ.കെ.കെ ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ്) എന്നിവർക്കാണ് ടീമുകളുടെ ഫ്രൈഞ്ചൈസികൾ ലഭിച്ചത്. ടീമുകളുടെ പേരും മറ്റും പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചുള്ള ടീമായിരിക്കും പ്രിയദർശന്റെ ഉടമസ്ഥതയിലുണ്ടാവുക
എന്നറിയുന്നു,
ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച ഏഴുപേർ ഫൈനൽ ബിഡ്ഡിംഗിൽ ഉൾപ്പെട്ടു. ഇതിൽ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേർക്കാണ് ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളിൽ നിന്ന് കെ.സി.എ തെരഞ്ഞെടുക്കുന്നവരെ ലേലത്തിലൂടെ ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകൾ സ്വന്തമാക്കും.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസർ മച്ചാൻ, അംഗം പി.ജെ. നവാസ് എന്നിവർ ബിഡ്ഡ് ഓപ്പണിംഗില്‍ പങ്കെടുത്തു.