ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനായി സൂര്യകുമാർ യാദവ്
ഏകദിനത്തിൽ രോഹിത് തന്നെ നയിക്കും, വിരാട് കളിക്കും
ഹാർദിക് പാണ്ഡ്യ ട്വന്റി-20യിൽ കളിക്കും,ഗിൽ ഉപനായകൻ
സഞ്ജു സാംസൺ ട്വന്റി-20യിൽ മാത്രം, വൺഡേയിൽ രാഹുൽ
മുംബയ് : ഈ മാസം തുടങ്ങുന്ന ശ്രീലങ്കൻ പര്യടനത്തിലെ മൂന്ന് ട്വന്റി-20കൾക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. വിൻഡീസിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ വൈസ് ക്യാപ്ടനായിരുന്ന ഹാർദിക് പാണ്ഡ്യയെ പിന്തള്ളിയാണ് രോഹിത് ശർമ്മയുടെ പിൻഗാമിയായി സൂര്യകുമാറിനെ തിരഞ്ഞെടുത്തത്. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ ആദ്യ വെല്ലുവിളിയാണ് ലങ്കൻ പര്യടനം. സൂര്യയെ ക്യാപ്ടനാക്കാനുള്ള ഗംഭീറിന്റെയും ചീഫ് സെലക്‌ടർ അജിത് അഗാർക്കറുടെയും തീരുമാനം ബി.സി.സി.ഐ അംഗീകരിക്കുകയായിരുന്നു. അതേസമയം ഹാർദിക്കിനെ ട്വന്റി-20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിൽ ഒഴിവാക്കുകയും ചെയ്തു. സ്ഥിരം നായകൻ രോഹിത് ശർമ്മയാണ് ലങ്കയ്ക്ക് എതിരെ മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്.
ട്വന്റി-20 ലോകകപ്പിന് ശേഷം നായകൻ രോഹിത് ശർമ്മയും സീനിയേഴ്സായ വിരാട് കൊഹ്ലിയും രവീന്ദ്ര ജഡേജയും ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ തിരഞ്ഞെടുക്കേണ്ട സ്ഥിതിയുണ്ടായത്. .സ്വാഭാവികമായും രോഹിത് ഒഴിയുമ്പോൾ ക്യാപ്ടൻസി ഹാർദിക്കിലേക്കാണ് എത്തേണ്ടിയിരുന്നത്. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങളാൽ ഹാർദിക്കിനെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റാനുള്ള ചർച്ച സെലക്ഷൻ കമ്മറ്റിയിലുണ്ടായി. മൂന്ന് ഫോർമാറ്റിലും കളിക്കുന്നതിനാൽ ഹാർദിനെ പരിക്ക് നിരന്തരം വേട്ടയാടുന്നുണ്ട്. അതിനാൽ ജോലി ഭാരം പരമാവധി കുറയ്ക്കണമെന്ന് അഭിപ്രായമുയർന്നു.കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിന് പരിക്കേറ്റതിന് ശേഷം ഐ.പി.എല്ലിലാണ് പിന്നെ കളിക്കാനായത്. ക്യാപ്ടന് നീണ്ട ഇടവേള വരുന്നത് ശരിയല്ലെന്ന് അഭിപ്രായമുയർന്നു.2022മുതൽ ഇതുവരെ ഇന്ത്യൻ ടീം കളിച്ച 79 ട്വന്റി-20കളിൽ 46 എണ്ണത്തിൽ മാത്രമേ ഹാർദിക്കിന് ഇറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ.മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടനായതിന് ശേഷമുള്ള പ്രശ്നങ്ങൾ ഇന്ത്യൻ ടീമിലെയും പലതാരങ്ങളുടെയും ഉള്ളിൽ ഹാർദിക്കുമായി അലോസരമുണ്ടാക്കിയിട്ടുണ്ട്. ഹാർദിക്കിന് കീഴിൽ കളിക്കുന്നതിനെ പലരും ഇഷ്ടപ്പെടുന്നില്ലെന്ന് അറിയിച്ചതോടെ പുതിയ ക്യാപ്ടനായി സൂര്യയെ നിയമിക്കുകയായിരുന്നു.
സിംബാബ്‌വെ പര്യടനത്തിൽ സീനിയേഴ്സ് വിശ്രമിച്ചതിനാൽ ടീമിനെ നയിച്ച ശുഭ്മാൻ ഗില്ലാണ് ലങ്കൻ പര്യടനത്തിൽ രണ്ട് ഫോർമാറ്റുകളിലും വൈസ് ക്യാപ്ടൻ. ട്വന്റി-20യിൽ സിംബാബ്‌വെ പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന റിയാൻ പരാഗ് ലങ്കയിലേക്കുള്ള രണ്ട് ഫോർമാറ്റുകളിലും ടീമിലെത്തി. റിഷഭ് പന്തും സഞ്ജുവും ട്വന്റി-20യിൽ വിക്കറ്റ് കീപ്പർമാരാകുമ്പോൾ ഏകദിനത്തിൽ കെ.എൽ രാഹുലും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാരായുള്ളത്. ഏകദിന ലോകകപ്പിന് ശേഷം ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യർ തിരിച്ചെത്തി. ഹർഷിത് റാണയും ഏകദിനടീമിലുണ്ട്.
സഞ്ജു വൺഡേയിൽ ഇല്ല
മലയാളി താരം സഞ്ജു സാംസണ് ട്വന്റി-20 ഫോർമാറ്റിൽ മാത്രമാണ് അവസരം നൽകിയിരിക്കുന്നത്.
ഏകദിനത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ രാഹുലും മദ്ധ്യനിര ബാറ്ററായി ശ്രേയസ് അയ്യരും എത്തിയതോടെയാണ് സഞ്ജുവിന് അവസരം ഇല്ലാതായത്.
കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഏകദിന ടീമിലേക്ക് എത്തിയ സഞ്ജു ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സെഞ്ച്വറി നേടിയിരുന്നു.
ഏകദിന ലോകകപ്പിന് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന്റെ പേരിൽ ശ്രേയസ് അയ്യർ ബി.സി.സി.ഐയുമായി ഉടക്കിലായിരുന്നു. താരത്തിന്റെ കരാറും റദ്ദാക്കിയിരുന്നു.
ഐ.പി.എല്ലിൽ ശേയസ് നായകനും ഗംഭീർ മെന്ററുമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ജേതാക്കളായത്. ഗംഭീർ ഇന്ത്യൻ കോച്ചായതോടെ ശ്രേയസിനെ ടീമിൽ വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയായിരുന്നു.
ട്വന്റി-20 ടീം
സൂര്യകുമാർ യാദവ് (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ,റിങ്കു സിംഗു,റിയാൻ പരാഗ്, റിഷഭ് പന്ത്,സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ,ശിവം ദുബെ, അക്ഷർ പട്ടേൽ,വാഷിംഗ്ടൺ സുന്ദർ.രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്,ഖലീൽ അഹമ്മദ്,മുഹമ്മദ് സിറാജ്.
ഏകദിന ടീം
രോഹിത് ശർമ്മ (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ),വിരാട് കൊഹ്‌ലി,കെ.എൽ രാഹുൽ ,റിഷഭ് പന്ത്,ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്,മുഹമ്മദ് സിറാജ്,വാഷിംഗ്ടൺ സുന്ദർ.അർഷ്ദീപ് സിംഗ്,ഖലീൽ അഹമ്മദ്,റിയാൻ പരാഗ്, ഹർഷിത് റാണ.
പര്യടന ഫിക്സ്ചർ
ട്വന്റി-20കൾ
ജൂലായ് 27.28,30
ഏകദിനങ്ങൾ
ആഗസ്റ്റ് 2,4,7