മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ ഉപനായകന്‍ കൂടിയാണ് താരം. ക്രിക്കറ്റ് ഗ്രൗണ്ടിലെ പ്രകടനങ്ങള്‍ക്കൊണ്ട് ശ്രദ്ധേയനാണെന്നത് പോലെ കളത്തിന് പുറത്തും എല്ലായിപ്പോഴും വാര്‍ത്താപ്രാധാന്യം നേടാറുണ്ട് ഹാര്‍ദിക്. കഴിഞ്ഞ മാസം ഇന്ത്യ ലോകചാമ്പ്യന്‍മാരായ ടി20 ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞത് ഹാര്‍ദിക് ആയിരുന്നു.
വ്യക്തിജീവിതത്തില്‍ അത്ര നല്ല കാലമായിരുന്നില്ല കഴിഞ്ഞ ഏതാനും മാസങ്ങള്‍ ഹാര്‍ദിക്കിന്. കഴിഞ്ഞ ഡിസംബറില്‍ മുംബയ് ഇന്ത്യന്‍സ് നായകനായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ താരത്തിന് തിരിച്ചടികളുടെ കാലമായിരുന്നു. രോഹിത് ശര്‍മ്മ ഫാന്‍സിന്റെ വെറുപ്പിന് ഇരയായ ഹാര്‍ദിക്കിന് സ്വന്തം നാടായ ഗുജറാത്തിലും സ്വന്തം ടീമിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലും താരത്തെ കൂകി വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. സീസണില്‍ മുംബയ് ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതും.
ഇതിന് പിന്നാലെ താരവും ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളും എത്തി. ഐപിഎല്‍ മത്സരങ്ങളില്‍ താരത്തെ പിന്തുണയ്ക്കാന്‍ ഭാര്യ ഗ്യാലറിയില്‍ എത്താതിരുന്നതാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ലോകകപ്പില്‍ താരത്തിന്റെ കൂടി തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ലോകചാമ്പ്യന്‍മാരായപ്പോള്‍ ആരാധകരുടെ വെറുപ്പ് അകന്നിരുന്നു. ഇന്ത്യന്‍ ടീമിന് നല്‍കിയ സ്വീകരണത്തിന് എത്തിച്ചേര്‍ന്ന കാണികള്‍ ഹാര്‍ദിക്കിനായി ആര്‍ത്ത് വിളിക്കുകയും ചെയ്തിരുന്നു.
ഹാര്‍ദിക് ഒരു ഹീറോ ആയി വന്നിറങ്ങിയപ്പോഴും നതാഷയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന് ഉറപ്പായത്. പിന്നിട് അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിനും ഹാര്‍ദിക് എത്തിയത് ഒറ്റയ്ക്കായിരുന്നു. ഇതിനിടെ നതാഷയെ മുന്‍ കാമുകനൊപ്പം സെര്‍ബിയയില്‍ കണ്ടതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. നതാഷയുമായി പ്രണയത്തിലായി എട്ട് മാസം ഗര്‍ഭിണിയായപ്പോഴാണ് ഹാര്‍ദിക് നടിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും അഗസ്ത്യ പാണ്ഡ്യ എന്നൊരു മകനും ഉണ്ട്.
എന്നാല്‍ സെര്‍ബിയന്‍ നടിയും മോഡലുമായ നതാഷ ആയിരുന്നില്ല ഹാര്‍ദിക്കിന്റെ ആദ്യത്തെ കാമുകി. നതാഷയുമായി നൈറ്റ് ക്ലബ്ബിലെ പരിചയം പ്രണയത്തിലേക്ക് എത്തുന്നതിന് മുമ്പ് ഹാര്‍ദിക്കുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളുടെ പേരുകളാണ് പല ഘട്ടങ്ങളിലായി ഉയര്‍ന്ന് കേട്ടിട്ടുള്ളത്. ഇതില്‍ നാല് പേര്‍ താരത്തിന്റെ കാമുകിമാരായിരുന്നുവെന്നും ഡേറ്റിംഗിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ബംഗാളി മോഡലായ ലിഷ ശര്‍മയുടെ പേരിനൊപ്പമാണ് ആദ്യ സമയത്ത് ഹാര്‍ദിക്കിന്റെ പേര് ഗോസിപ്പ് കോളത്തിലെത്തുന്നത്. കൊല്‍ക്കത്തക്കാരിയായ ലിഷ ശര്‍മയുമായി ഹാര്‍ദിക് ഡേറ്റ് ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. 2016ലായിരുന്നു ഈ പ്രണയം. എന്നാല്‍ കരിയറിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനായി ഹാര്‍ദിക് ഈ പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.മോഡലിംഗ് രംഗത്ത് ഇപ്പോഴും ലിഷ സജീവമാണ്.
രണ്ടാമത്തെ കാമുകി ഇല്ലി ആവ്‌റാമായിരുന്നു. സിനിമാ താരവും മോഡലുമായ ഇല്ലിയുമായി ഹാര്‍ദിക് പ്രണയത്തിലായത് ഒരു ഐപിഎല്‍ സീസണിനിടെയാണ്. ഒരു വര്‍ഷത്തിനുളളില്‍ ഈ പ്രണയ ബന്ധത്തിന് അവസാനമായി. മൂന്നാമത്തെ കാമുകി ഇഷ ഗുപ്തയാണ്. ബോളിവുഡ് താരമായ ഇഷ ഗുപ്തയുമായി ഹാര്‍ദിക് പ്രണയത്തിലായിരുന്നുവെന്നാണ് പിന്നിട് വന്ന ഗോസിപ്പുകള്‍. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും ഈ പ്രണയവാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.
ഉര്‍വശി റൗത്തേലയുമായി ഹാര്‍ദിക് പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പല വേദികളിലും ഇവരെ ഒന്നിച്ച് കണ്ടിട്ടുള്ള ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഹാര്‍ദിക് പാണ്ഡ്യയും ഉര്‍വശിയും തുറന്ന് പറഞ്ഞിട്ടുള്ളത്.