k

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഗ്യാംഗുകളുടെ പങ്കിനെ കുറിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ഇന്നലെ തുറന്നു സമ്മതിച്ചു.

ജാർഖണ്ഡിലെ ഹസാരിബാഗ് സ്‌കൂളിലാണ് ആദ്യചോർച്ച. അവിടെ നിന്ന് പാട്നയിലെ ഗ്യാംഗിന്റെ പക്കൽ എത്തുകയായിരുന്നു. ഗുജറാത്ത് ഗ്രോധയിലെ ചോർച്ചയും കോടതിയിൽ ചർച്ചയായി. കേസിന്റെ അന്വേഷണപുരോഗതി സംബന്ധിച്ച് സി.ബി.ഐ രണ്ടാമത്തെ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു.

ചോദ്യപേപ്പർ ചോർന്ന ഹസാരിബാഗിൽ പേപ്പറുകൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയത് ഇ - റിക്ഷയിലാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബാങ്ക് ലോക്കറിൽ വയ്ക്കേണ്ടിയിരുന്ന പേപ്പറുകൾ സ്‌കൂളിലേക്കാണ് പോയത്. സുരക്ഷാ അകമ്പടിയുണ്ടായിരുന്നില്ല. ഒ.എം.ആർ ഷീറ്രുകളാണ് ഇ - റിക്ഷയിൽ കൊണ്ടുപോയതെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി.

ചോർന്നത് പരീക്ഷാ ദിനമെന്ന്; വിശ്വസിക്കാതെ കോടതി

പരീക്ഷ നടന്ന മേയ് അഞ്ചിന് രാവിലെ 8.02നും 9.23നും ഇടയിലാണ് ചോർച്ചയുണ്ടായതെന്ന് സോളിസിറ്റ‌ർ ജനറൽ പറഞ്ഞു. ചോദ്യപേപ്പറിന്റെ ഫോട്ടോയെടുക്കുകയായിരുന്നു. രാവിലെ 10.15നല്ലേ പരീക്ഷ തുടങ്ങിയതെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു. 180 ചോദ്യങ്ങളുണ്ടായിരുന്നു. 9.30 മുതൽ 10.15 വരെയുള്ള 45 മിനിട്ട് കൊണ്ട് ഇത്രയും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി വിദ്യാർത്ഥികൾക്ക് കൈമാറുന്നത് സംഭവ്യമാണോയെന്നും ആരാഞ്ഞു. ഏഴ് പേർ 25 വിദ്യാർത്ഥികൾക്ക് വീതം ചോദ്യപേപ്പറും ഉത്തരവും കൈമാറിയെന്ന് സോളിസിറ്റർ ജനറൽ പ്രതികരിച്ചെങ്കിലും കോടതി വിശ്വാസത്തിലെടുത്തില്ല.

 നാലു വിദ്യാർത്ഥികൾ അറസ്റ്റിൽ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാട്ന എയിംസിലെ നാലു എം.ബി.ബി.എസ് വിദ്യാർത്ഥികളെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. കരൺ ജെയ്ൻ, കുമാർ സാനു, രാഹുൽ ആനന്ദ്, ചന്ദൻ സിംഗ് എന്നിവരാണ് പിടിയിലായത്. ചോർച്ചക്കേസിലെ മുഖ്യപ്രതി പങ്കജ് സിംഗിന് ഉത്തരം തയ്യാറാക്കി നൽകിയത് ഇവരാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പ്രതികളുടെ മുറികൾ റെയിഡ് ചെയ്‌തപ്പോൾ നിർണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന.