cbn

വിജയവാഡ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡുവിന്റെ മനസ്സില്‍ നിരവധി പദ്ധതികളുണ്ട്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നായിഡു തുടങ്ങിവെച്ച പല പദ്ധതികളും 2019ല്‍ അധികാരത്തില്‍ വന്ന ജഗന്‍ മോഹന്‍ റെഡ്ഡിയും അദ്ദേഹത്തിന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് ഒഴിവാക്കിയിരുന്നു. അത്തരത്തില്‍ ജഗന്‍ ഒഴിവാക്കിയ ഒന്നാണ് മലയാളി വ്യവസായിയും ശതകോടീശ്വരനുമായ എംഎ യൂസഫലിയുടെ ലുലു മാള്‍.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വന്‍ നിക്ഷേപ പദ്ധതി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കാലത്ത് ഉപേക്ഷിച്ചിരുന്നു. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നേരിട്ട് മുന്‍കൈയെടുക്കുകയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇക്കാര്യം ലുലു ഗ്രൂപ്പുമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് ടിഡിപി സര്‍ക്കാര്‍. 2014 മുതല്‍ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശാഖപട്ടണത്ത് 2,200 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയാറെടുത്തത്.

രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവയായിരുന്നു പദ്ധതിയില്‍. ഇതിനായി വിശാഖപട്ടണത്തെ ശ്രദ്ധേയമായ ആര്‍കെ ബീച്ചിന് സമീപം 14 ഏക്കറോളം ഭൂമിയും അനുവദിക്കാന്‍ ടിഡിപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 2019ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗന്‍, ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ചു. ഇതോടെ ആന്ധ്രയിലെ നിക്ഷേപ പദ്ധതികളില്‍ നിന്ന് ലുലു ഗ്രൂപ്പ് പിന്‍വാങ്ങുകയായിരുന്നു.

ആന്ധ്രയിലെ പദ്ധതി നടപ്പാകാതെ വന്നതോടെ ലുലു ഗ്രൂപ്പ് നേരെ പോയത് ആന്ധ്രയില്‍ നിന്ന് വിഭജിച്ച തെലങ്കാനയിലേക്കായിരുന്നു. ഹൈദരാബാദില്‍ 300 കോടി രൂപ ചിലവാക്കി മാള്‍ പണിയുകയും ചെയ്തു. ഇതിന് പുറമേ 3000 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് ആസൂത്രണം ചെയ്തിട്ടുമുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പുത്തന്‍ നിക്ഷേപ പദ്ധതികളുമായി യൂസഫലി മുന്നോട്ട് പോകുകയാണ്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നിക്ഷേപ പദ്ധതികള്‍ ലഭിക്കുമ്പോള്‍ ആന്ധ്രയിലും സമാനമായ നേട്ടമുണ്ടാകണമെന്നാണ് നായിഡു ചിന്തിക്കുന്നത്.