കുവൈറ്റ്: ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുക എണ്ണപ്പാടം ആയിരിക്കും. ഗള്‍ഫിനെ ഇന്ന് കാണുന്ന ഗള്‍ഫ് ആക്കി മാറ്റിയതില്‍ എണ്ണപ്പാടങ്ങള്‍ക്കും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും ഒന്നാം നമ്പര്‍ സ്ഥാനമാണുള്ളത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ വലിയ രീതിയില്‍ ജീവിത സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതും മണലരണ്യങ്ങളിലെ സമ്പുഷ്ടമായ എണ്ണപ്പാടങ്ങളുടെ ഊര്‍ജ്ജത്തില്‍ തന്നെയാണ്. ഇപ്പോഴിതാ പ്രവാസി മലയാളികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഗള്‍ഫ് രാജ്യമായ കുവൈറ്റില്‍ നിന്ന് വരുന്നത്.
എണ്ണയും മറ്റ് വാതകങ്ങളും അടങ്ങിയ വലിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുകയാണ് ഗള്‍ഫ് രാജ്യമായ കുവൈറ്റ്. ഫൈലാക ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്. അല്‍-നൗക്കിദ ഓഫ്ഷോര്‍ ഫീല്‍ഡില്‍ ഏതാണ്ട് 3.2 ബില്യന്‍ ബാരല്‍ എണ്ണയും ഗ്യാസും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് കുവൈറ്റിന്റെ വാര്‍ഷിക എണ്ണയുല്‍പ്പാദനത്തിന്റെ മൂന്നിരട്ടിയോളം വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യത്തെ എണ്ണ പര്യവേഷക കമ്പനിയായ കുവൈറ്റ് ഓയില്‍ കമ്പനി (കെ.ഒ.സി)യാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ എണ്ണ ഉത്പാദനത്തില്‍ മേഖലയില്‍ അഞ്ചാം സ്ഥാനത്താണ് കുവൈറ്റ്. സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് കുവൈറ്റിന്റെ സ്ഥാനം. 1946ല്‍ എണ്ണയുത്പ്പാദനം ആരംഭിച്ച കുവൈറ്റ് 2.4 മില്യന്‍ ബാരലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
എണ്ണ ഉത്പാദനം വര്‍ദ്ധിക്കുമ്പോള്‍ അത് കുവൈറ്റിന്റെ സമഗ്രമായ പുരോഗതിക്ക് വഴി തെളിക്കുമെന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ രാജ്യത്തേക്ക് വരുമ്പോള്‍ അത് മെച്ചപ്പെട്ട സാദ്ധ്യതകള്‍ തുറന്നിടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും അതോടൊപ്പം തന്നെ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലന്വേഷകരും.