school

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഇക്കാര്യത്തിൽ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. അതേസമയം, ആവശ്യമായ ഘട്ടങ്ങളിൽ ജില്ലാതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമെന്നും ജില്ലാകലക്ടർ അറിയിച്ചു.

ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതെങ്കിലും അയൽ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴകാരണം ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയർന്ന് അപകടാവസ്ഥയിലാണ്. കുറ്റ്യാടിപ്പുഴയിലും മാഹിപ്പുഴയിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇവിടെ താമസിക്കുന്ന പത്തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു.

കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്

അതിനിടെ, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിയിപ്പെന്ന രീതിയിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ജില്ലയിലെ കടൽക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന് ആവശ്യമായ പ്രവൃത്തികൾ അടിയന്തരമായി തയ്യാറാക്കാൻ ഇറിഗേഷൻ വകുപ്പിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
ജില്ലയിലെ ദേശീയപാതകളിലെ വെള്ളക്കെട്ടുകൾ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥങ്ങൾ സന്ദർശിച്ച് കരാറുകൾക്ക് അടിയന്തര നിർദ്ദേശം നൽകിയതായും ജില്ലാകലക്ടർ അറിയിച്ചു.

ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ് സജീദ്, ഇറിഗേഷൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു