career


കൊച്ചി: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ കമ്പനികള്‍ റിക്രൂട്ട്‌മെന്റുമായി ക്യാമ്പസുകളില്‍ വീണ്ടുമെത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളായ ടി.സി.എസും ഇന്‍ഫോസിസും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 60,000 പുതിയ നിയമനങ്ങള്‍ നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ഒന്നര വര്‍ഷമായി ഈ രണ്ട് കമ്പനികളും റിക്രൂട്ട്‌മെന്റ് നടപടികള്‍ കുറച്ചിരുന്നു. നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായി ആഗോള ഐ.ടി മേഖലയിലെ വൈദഗ്ദ്ധ്യ ശേഷിയില്‍ മാറ്റമുണ്ടായതും റിക്രൂട്ട്മെന്റ് നടപടികള്‍ വൈകിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കി. എന്നാല്‍ പുതിയ സാഹചര്യങ്ങളിലും ഇന്ത്യന്‍ മാനവശേഷിക്ക് ഐ.ടി രംഗത്ത് ഡിമാന്‍ഡ് ഏറെയാണെന്ന് ടി.സി.എസിലെ ഹയറിംഗ് ഓഫീസര്‍ മിലിന്ദ് ലക്കാഡ് പറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ 5,452 പേരെയാണ് പുതുതായി നിയമിച്ചത്. നടപ്പുവര്‍ഷം 40,000 പുതിയ നിയമനങ്ങള്‍ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഫോസിസ് നടപ്പുസാമ്പത്തിക വര്‍ഷം 15,000 മുതല്‍ 20,000 പുതിയ നിയമനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ക്യാമ്പസ്, ഓഫ് ക്യാമ്പസ് റിക്രൂട്ടുമെന്റുകള്‍ സജീവമാക്കുമെന്ന് ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജയേഷ് സാഗ്രജ്ക പറഞ്ഞു. ഒന്നര വര്‍ഷമായി കമ്പനിയുടെ റിക്രൂട്ട്‌മെന്റ് മന്ദഗതിലിലായിരുന്നു. പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എല്‍ ടെക്ക് നടപ്പുവര്‍ഷം 10,000 പുതിയ ജോലിക്കാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.

ജീവനക്കാരുടെ എണ്ണം കുറയുന്നു

പ്രമുഖ ഐ.ടി കമ്പനികളില്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസിലെ ജീവനക്കാരുടെ എണ്ണത്തില്‍ 20,962 പേരുടെ കുറവുണ്ടായി. ടി.സി.എസ്, എച്ച്.സി.എല്‍ ടെക്ക് എന്നിവയിലും ജീവനക്കാരുടെ ഇടിവുണ്ടായി.

ഇന്‍ഫോസിസ് ലാഭം കൂടി

കൊച്ചി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായം 7.1 ശതമാനം ഉയര്‍ന്ന് 6,368 കോടി രൂപയിലെത്തി. അവലോകന കാലയളവില്‍ കമ്പനിയുടെ വരുമാനം 3.6 ശതമാനം ഉയര്‍ന്ന് 39,315 കോടി രൂപയായി. ആഗോള മേഖലയില്‍ വലിയ പുതിയ കരാറുകള്‍ ലഭിച്ചതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. വരുമാന വര്‍ദ്ധന ഒന്ന് മുതല്‍ മൂന്ന് ശതമാനമാകുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. നടപ്പു വര്‍ഷം പ്രവര്‍ത്തനം വിപുലീകരിച്ചും മാര്‍ജിന്‍ മെച്ചപ്പെടുത്തിയും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇതുവരെയുള്ള സൂചനകളെന്ന് ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സലില്‍ പരേഖ് പറഞ്ഞു. ആഭ്യന്തര മേഖലയ്‌ക്കൊപ്പം യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണികളിലും മികച്ച വളര്‍ച്ച നേടാന്‍ ഇന്‍ഫോസിസിന് കഴിഞ്ഞു.