കൊച്ചി: ഓണാഘോഷങ്ങളിൽ മാവേലി. അടുക്കളയിൽ നളൻ. കുംഭയും കൊമ്പൻ മീശയുമായി മഹാബലിയാകുന്ന മീശക്കാരൻ ദിലീപേട്ടൻ (61) രുചിപ്പെരുമയുള്ള ഹോട്ടലിന്റെ ഉടമ കൂടിയാണ്.
35 കൊല്ലം മുമ്പ് കള്ളുചെത്തായിരുന്നു ചേർത്തല സുമിത്രാലയത്തിൽ ഡി. ദിലീപിന്റെ തൊഴിൽ. മറ്റ് ചെത്തുകാർ സൈക്കിളിൽ പോകുമ്പോൾ ദിലീപ് സ്വന്തം ബൈക്കിൽ 'ചെത്തി' നടന്നു.
ഒമ്പതു വർഷം മുമ്പ് പതിനൊന്നാം മൈൽ റോഡിൽ റെയിൽവേ ഗേറ്റിന് സമീപം ഹോട്ടൽ തുടങ്ങി. 'മീശക്കാരൻ ദിലീപേട്ടന്റെ കട' എന്ന് പേരുമിട്ടു. അന്ന് രണ്ടറ്റവും കൂട്ടിക്കെട്ടാവുന്ന മീശയായിരുന്നു. ഇപ്പോൾ വെട്ടിക്കുറച്ചു.
കറന്റില്ലാത്ത രണ്ടു കുടുസു മുറിയിലാണ് ഹോട്ടൽ തുടങ്ങിയത്. മൂലധനം 5,000 രൂപയും ഒരു മണ്ണെണ്ണ സ്റ്റൗവും. ഏഴ് ഊണാണ് ആദ്യം ചെലവായത്. കനലിൽ ചുട്ട മീനടക്കം സ്വാദേറും വിഭവങ്ങൾ ജനപ്രിയമാക്കി. തൊട്ടടുത്ത പറമ്പിൽ കെട്ടിടം വച്ച് വിപുലീകരിച്ചു. അടുക്കള ഇപ്പോഴും പഴയ കടമുറിയിൽ തന്നെ.
പുഴമീനുകളാണ് സ്പെഷ്യൽ. കരിമീൻ, കാളാഞ്ചി, വരാൽ. പിന്നെ മീൻമുട്ട ഫ്രൈയും. മീൻ കറികൾക്ക് വെവ്വേറെ രുചിയാണ്. ആവിയിൽ വേവിച്ച് എണ്ണ വീഴ്‌ത്തും. സവാള ഇല്ല. പകരം ചതച്ച ചുവന്നുള്ളി. ക്ലിഫ്ഹൗസിൽ വരെ സദ്യയൊരുക്കി. മുഖ്യമന്ത്രിയടക്കം സമ്മതിച്ചു, കൈപ്പുണ്യം. വ്ലോഗർമാരുടെ ഇഷ്ടലൊക്കേഷനാണ് ഇവിടം.
ഓണക്കാലത്ത് നഴ്സറി സ്‌കൂളിൽ മുതൽ പൊലീസ് സ്റ്റേഷനുകളിൽ വരെ മഹാബലി വേഷം കെട്ടി. അടുത്ത ഓണത്തിന് മുമ്പേ സ്വന്തം മൂന്നുനില കെട്ടിടത്തിലേക്ക് മാറും. മക്കളായ ദീപുവും അനൂപുമാണ് ഹോട്ടലിന്റെ മേൽനോട്ടം. അംബിയാണ് ഭാര്യ.
വിലവിവരം
മീൻകറി ഊണ് - 60 രൂപ
കരിമീൻ കറി - 350 വരെ
വരാൽ കറി - 500 വരെ
തലക്കറി (വലുത്) - 550
പുതിയ കെട്ടിടത്തിലേക്ക് മാറിയാലും പഴയ കടമുറി മറക്കില്ല. അവിടെ ഒരു കറിയെങ്കിലും തയാറാക്കും.
- മീശക്കാരൻ ദീലീപ്.