cows

പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലയിൽ കുളമ്പുരോഗം പടർന്നു പിടിക്കുന്നതിനെ തുടർന്ന് ആശങ്കയിൽ പ്രദേശത്തെ കന്നുകാലി കർഷകർ. ക്ഷീരവകുപ്പിന് കീഴിലെ കൂവപ്പടി ബ്ലോക്ക് പരിധിയിൽപ്പെടുന്ന കൂവപ്പടി, ഒക്കൽ,​ രായമംഗലം, മുടക്കുഴ,പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ മൃഗങ്ങൾക്കാണ് കുളമ്പ് രോഗം പടർന്നു പിടിക്കുന്നത്. ഇതിലേറെയും കറവയുള്ള പശുക്കളും! പാലിന് വലിയ ക്ഷാമം നേരിടുമ്പോഴും ക്ഷീരകർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് ക്ഷീരവക വികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൃഗാശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ക‍ർഷകർ പറയുന്നു. പലരും കന്നുകാലി കൃഷി ഉപേക്ഷിക്കുകയാണ്.

ക‍ർഷകരുടെ പരാതികൾ

1. രക്ഷിക്കാൻ സ്വകാര്യന്മാർ

രോഗലക്ഷണങ്ങളുമായി സർക്കാർ മൃഗാശുപത്രികളിൽ പോകുമ്പോൾ പനിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. മറ്റു ലക്ഷണങ്ങൾ മൂർച്ഛിക്കുമ്പോൾ സ്വകാര്യ ഡോക്ടർമാരെ വിളിച്ചുവരുത്തി ചികിത്സിക്കുകയാണ്. ഡോക്ടർമാരെ വീടുകളിലെത്തിക്കാൻ ചെലവേറെയാണ്. സർക്കാർ മൃഗാശുപത്രികളിൽ മാസങ്ങളായി മരുന്നില്ല. മരുന്ന് സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ വൻവിലയും.

2.പാൽ വിൽക്കാനാവുന്നില്ല

രോഗമായതിനാലും രോഗം ബാധിച്ച പശുക്കളുടെ പാൽ പെട്ടെന്ന് വറ്റിപ്പോകുന്നതിനാലും പാൽ വിൽക്കാനാവുന്നില്ല. നല്ല വില കൊടുത്ത് തീറ്റയും വൈക്കോലും വാങ്ങി വളർത്തി നടത്തുന്ന കന്നുകാലി കൃഷി വലിയ നഷ്ടത്തിലേക്ക് പോകുന്നു.

3. സർക്കാർ സഹായമില്ല

സർക്കാരിൽ നിന്നും ത്രിതല പഞ്ചായത്തുകളിൽ നിന്നും ക്ഷീരകർഷകരുടെ ഉന്നമനത്തിനു വേണ്ടി നിരവധി ഫണ്ടുകൾ അനുവദിക്കുന്നുണ്ട്. എന്നാൽ,​ മൂന്നുമാസത്തോളം ആയി സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ല. എല്ലാ പഞ്ചായത്തിലും ക്ഷീര വികസനത്തിനു വേണ്ടി കമ്മിറ്റികളുണ്ടെങ്കിലും വിളിക്കുന്നത് വല്ലപ്പോഴുമാണ്.

4. ഡയറികൾക്ക് നഷ്ടം

ഡയറികളിൽ സംഭരിക്കുന്ന പാലിന് ലിറ്ററിന് 45 തുടങ്ങി 46 രൂപ വരെ കർഷകർക്ക് കൊടുക്കുമ്പോൾ അതിന്റെ വിവിധ ഇനത്തിലുള്ള പിടിത്തം കഴിഞ്ഞ് 42 മുതൽ 43 രൂപ വരെയാണ് സംഘങ്ങൾക്ക് കിട്ടുന്നത്. രണ്ടു മുതൽ മൂന്നുരൂപ വരെ നഷ്ടം സംഭവിക്കുന്നതായി വിവിധ ഡയറികളിലെ ഭാരവാഹികളും പറയുന്നു.

കുളമ്പ് രോഗ ലക്ഷണങ്ങൾ

പനി

കുളമ്പിന് മേൽ പഴുപ്പ്

മുലക്കണ്ണുകൾ പഴുത്തു വൃണമാകുന്നു

വായിലൂടെ നുരയും പതയും ഒഴുകുന്നു

വായിൽ പുണ്ണ് രൂപപ്പെടുന്നു

കുളമ്പുരോഗം പരിഹരിക്കുന്നതിനുള്ള കുത്തിവെപ്പ് ഉടനെ എടുപ്പിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. കർഷകരുടെ പരാതികൾ പരിഹരിക്കുകയും അവരുടെ ഉന്നമനത്തിനായി നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ബ്ലോക്ക് ഓഫീസ് ഉപരോധം അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും

പി. അനിൽകുമാർ

നിയോജക മണ്ഡലം പ്രസിഡന്റ്

ബി. ജെ പി

പെരുമ്പാവൂർ