കൊച്ചി: എച്ച് 1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് സ്വദേശിയായ ലിയോൺ ഷിബു ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പനിബാധിതനായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലിയോണിന് എച്ച് 1 എൻ1 പോസിറ്റാവായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
മലപ്പുറത്തും രോഗം ബാധിച്ച് ഒരു മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയായ സൈഫുനിസയാണ് (47) മരിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു ഇയാൾക്ക് ബാധിച്ചിരുന്നത്. പനി കൂടിയതിനെ തുടർന്ന് ഈ മാസം 14ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് സൈഫുനിസ മരിച്ചത്.
എച്ച് 1 എൻ1
വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് എച്ച് 1 എൻ1. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ ഒന്ന് മുതൽ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ, മുതിർന്നവർ, മറ്റു ഗുരുതരരോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലദോഷത്തോടെയുള്ള പനി പിടിപെട്ടാൽ ഉടൻ ചികിത്സതേടണമെന്നും ആരോഗ്യവിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്.
മുൻകരുതൽ
രോഗി മൂക്ക് ചീറ്റുമ്പോഴും ചുമയ്ക്കുമ്പോഴും ശ്രദ്ധിക്കണം.
അടുത്തിരുന്ന് സംസാരിക്കുന്നതിലൂടെയും ആലിംഗനം ചെയ്യുന്നതിലൂടെയും രോഗം പകരാം.
മാസ്ക് ധരിക്കുക, അകലം പാലിക്കുക.
രോഗിയും പരിചാരകരും കൈ എല്ലായ്പ്പോഴും രോഗാണുനാശിനി ഉപയോഗിച്ച് ശുചിയാക്കുക.
വീടിനുള്ളിൽ പൂർണമായി വിശ്രമിക്കുക.
സ്‌കൂൾ, ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
പോഷകഗുണമുള്ള ആഹാരവും പാനീയങ്ങളും കഴിക്കുക.