crime

ചിറ്റൂർ: ഭാര്യയെയും മക്കളെയും കാറിലിരുത്തി അവരെ മറയാക്കി കുഴൽപ്പണക്കടത്ത് നടത്തിയ ആളെ പൊലീസ് പിന്തുടർന്ന് പിടികൂടി.മലപ്പുറം താനൂർ പനക്കാട്ടൂർ, പൊട്ടിന്റെകത്ത് വീട്ടിൽ എസ്.മുഹമ്മദ് ഹാഷിമിനെ(31) ആണ് രേഖകളില്ലാത്ത 20.4 ലക്ഷം രൂപയുമായി കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി മേനോൻപാറയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാഹനത്തെ പിന്തുട‌ർന്ന് പിടികൂടുകയായിരുന്നു.

കാറിന്റെ രഹസ്യ അറയിൽ നിന്നാണ് പണം കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയെയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടിയായിരുന്നു യാത്ര. ചിറ്റൂർ ഡിവൈ.എസ്.പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സി.ഐ.എം ആർ.അരുൺകുമാർ, ചിറ്റൂർ സി.ഐ ജെ.മാത്യു, കൊഴിഞ്ഞാമ്പാറ എസ്.ഐ ബി.പ്രമോദ്, അഡീഷണൽ എസ്.ഐ മാരായ കെ.പി.ജോർജ്, വി.കെ.സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.സന്തോഷ്, വി.വിനോദ്, ബി.സഞ്ജു, എ.എസ്.ഐ ഡ്രൈവർ എം.കെ.രതീഷ്, ഹോം ഗാർഡ് സി.വി.ജയപ്രകാശ്, ചിറ്റൂർ സീനിയർ സിവിൽ പൊലീസ് ഓഫീസർ രമേഷ്, എസ്.സമീർ, സ്റ്റേഷൻ ഡ്രൈവർ സി.പി.ഒ ആർ.ഷാജി എന്നിവരാണ് കാർ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പ് സമാന രീതിയിൽ കുഴൽപ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തൽമണ്ണ, കസബ പൊലീസ് സ്റ്റേഷനുകളിൽ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി.ഐ എം.ആർ.അരുൺകുമാർ പറഞ്ഞു.