v

മുംബയ്: മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ സുരക്ഷാസേനയ്ക്ക് വിവരം കൈമാറിയ പ്രദേശവാസിക്ക് 86ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്.

ഗഡ്ചിറോളിയിലെ മാവോയിസ്റ്ര് സാന്നിദ്ധ്യത്തെക്കുറിച്ച് നിർണായക വിവരമാണ് ഇയാൾ കൈമാറിയത്.

സുരക്ഷാകാരണങ്ങൾ മുൻനിറുത്തി ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും പണം ഉടൻ കൈമാറുമെന്നും അധികൃതർ അറിയിച്ചു.

മഹാരാഷ്ട്ര,​ ഛത്തീസ്ഗഢ് അതിർത്തിയിലെ ഗഡ്ചിറോളി ജില്ലയിലെ വണ്ടോലിയിൽ ബുധനാഴ്ചയാണ്

വാണ്ടഡ് ലിസ്റ്റിൽപ്പെട്ട പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി അംഗങ്ങളായ 12 മാവോയിസ്റ്രുകളെ വധിച്ചത്. ആറ് മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു.

ഓപ്പറേഷനിൽ പങ്കെടുത്ത കമാൻഡോകൾക്ക് ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വണ്ടോലി വനമേഖലയിൽ 12 ഓപ്പറേഷനുകളെങ്കിലും നടന്നിട്ടുണ്ടെന്നും എന്നാൽ എന്നാൽ മാവോയിസ്റ്ര് നേതാക്കൾ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നെന്നും മഹാരാഷ്ട്ര ആന്റി നക്സൽ ഓപ്പറേഷൻസ് സെൽ മേധാവി ഐ.ജി. സന്ദീപ് പാട്ടീൽ പറഞ്ഞു. എന്നാൽ ഇക്കുറി ദുഷ്‌കരമായ സാഹചര്യമായിട്ടും 12 പേരെ വധിക്കാൻ സാധിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് എ.കെ 47 റൈഫിളുകൾ,​ സ്ഫോടക വസ്തുക്കൾ തുടങ്ങി നിരവധി ആയുധങ്ങളും വസ്തുക്കളും കണ്ടെടുത്തിരുന്നു. ബുധനാഴ്ച ഛത്തീസ്ഗഢിലെ ബിജാപൂർ മേഖലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.