dileep

ചെന്നൈ: മകള്‍ മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായ സന്തോഷം പങ്കുവച്ച് നടന്‍ ദിലീപ്. ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നും ദൈവത്തിന് നന്ദി എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നുവെന്നാണ് ദിലീപ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്.

നേട്ടം കൈവരിച്ച മകളോട് സ്‌നേഹവും ബഹുമാനവും, സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മകള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടിലെത്തുമ്പോള്‍ അച്ഛന്‍ ദിലീപിനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുത്തിരുന്നു.

ദിലീപിന്റെ എറ്റവും പുതിയ ചിത്രമായ പവി കെയര്‍ടേക്കറിന്റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു. അമ്മ മഞ്ജു വാര്യരുമായി അച്ഛന്‍ വേര്‍പിരിഞ്ഞിട്ടും മീനാക്ഷി ദിലീപിന് ഒപ്പം തുടരാനാണ് തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ആരാധകരുണ്ട് മീനാക്ഷിക്ക്.

മീനാക്ഷിയുടെ ചില നൃത്ത വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു.