നെടുമങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിലെ വാണ്ട ഭാഗത്ത് സ്ഥാപിച്ചിരുന്ന ഛായാചിത്രം തകർത്തതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പുഷ്പാർച്ചന കഴിഞ്ഞ് ചിത്രം എടുത്തു മാറ്റിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് ചിത്രം തള്ളിയിട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കരുപ്പൂർ രജീഷ് അദ്ധ്യക്ഷത വഹിച്ചു. കല്ലയം സുകു, അഡ്വ.എൻ.ബാജി, നെട്ടിറച്ചിറ ജയൻ, ടി.അർജുനൻ, അഡ്വ.എസ്.അരുൺ കുമാർ, പ്രതാപൻ നായർ, വാണ്ട സതീഷ്, വാണ്ട പ്രേമൻ എന്നിവർ സംസാരിച്ചു. ഇതേസമയം, ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ നഗരസഭ കൗൺസിലിനെതിരെ ഇന്നലെ വൈകിട്ട് കച്ചേരി നടയിൽ സംഘടിപ്പിച്ച കുറ്റവിചാരണ സദസ് പൊളിക്കാൻ മറു വിഭാഗം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം തകർക്കലിന് പിന്നിലെന്ന് ആരോപണം ശക്തമായിട്ടുണ്ട്.