ബംഗളുരു : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനും മറ്റുള്ളവർക്കുമായുള്ള ഇന്നത്തെ തെരച്ചിൽ നിറുത്തി വച്ചതായി ജില്ലാകളക്ടർ അറിയിച്ചു. രാത്രി ഒൻപത് മണിയോടെയാണ് തെരച്ചിൽ നിറുത്തിവച്ചത്. അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. ഏഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി.
കനത്ത മഴയെ അവഗണിച്ചാണ് തെരച്ചിൽ നടന്നിരുന്നത്. എന്നാൽ പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിനുള്ള സാദ്ധ്യത മുൻനിറുത്തിയാണ് തെരച്ചിൽ നിറുത്തിവച്ചത്. ശനിയാഴ്ച പുലർച്ചെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗളുരുവിൽ നിന്ന് റെഡാർ അടക്കം എത്തിച്ചായിരിക്കും നാളത്തെ തെരച്ചിൽ. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന തരം റഡാറാണ് എത്തിക്കുക.
കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായാണ് അർജുൻ ഈ മാസം എട്ടിന് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജി.പി.എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് നാട്ടിൽ അറിഞ്ഞത്. ഗംഗാവലി പുഴയിലേക്ക് വീണ് കുത്തൊഴുക്കിൽ പെട്ടതാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. കേരള മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.