കോട്ടയം: കോടിമത ബോട്ട് ജെട്ടിയിൽ എല്ലാം സെറ്റാണ്. ഇവിടേക്ക് ഇങ്ങ് പോന്നാൽ മതി. ഇളം കാറ്റേറ്റും കൊടൂരാറിന്റെ ഭംഗിയും ആസ്വദിച്ച് ഓളപ്പരപ്പിൽ താളംതുള്ളുന്ന ബോട്ടിലിരുന്ന് മതിയാവോളം ഭക്ഷണം ആസ്വദിക്കാം. കുടുംബശ്രീ ചേച്ചിമാരാണ് രുചികൂട്ടൊരുക്കുന്നത്.
ഫ്ലോട്ടിംഗ് റെസ്റ്റോറന്റാണ് ഭക്ഷണ പ്രേമികളുടെ പുതിയ ട്രെൻഡ്. കോടിമത ബോട്ട് ജെട്ടിയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടിലാണ് ഹോട്ടലിന്റെ പ്രവർത്തനം. നിരവധിയാളുകളാണ് ബോട്ടിലിരുന്ന് ഭക്ഷണം ആസ്വദിക്കുന്നതിനായി ഇതിനോടകം എത്തിയത്.
ഉച്ചയ്ക്ക് ഊണിനൊപ്പം മീൻ കറിയും സ്‌പെഷ്യലും, ലിവർ ഫ്രൈ, മീൻ പീര, കക്ക ഇറച്ചി, ബീഫ്, അയല വറുത്തത്, സിലോപ്പിയ എന്നിവയാണ് രുചിക്കൂട്ടുകൾ. പ്രഭാത ഭക്ഷണവും വൈകുന്നേരങ്ങളിൽ ചായയും സ്‌പെഷ്യൽ ചെറുകടികളും ലഭ്യമാണ്. നഗരത്തിലെ ഏഴോളം കുടുംബശ്രീ പ്രവർത്തകർ ചേർന്നാണ് സംരംഭം ഒരുക്കിയിരിക്കുന്നത്.
നഗരത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഫ്ലോട്ടിംഗ് ബോട്ട് റെസ്റ്റോറന്റ്. മുൻപ് സർവീസ് നടത്തിയിരുന്ന ബോട്ട് റെസ്റ്റോറന്റ് രൂപത്തിലാക്കി മാറ്റി.
(ഷെഫ് റെസ്റ്റിൻ)
ഭക്ഷണം അടിപൊളിയാണ്, കേരളത്തിലെത്തിയിട്ട് ആദ്യമായാണ് ബോട്ട് യാത്രയും, ബോട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതും. പുതിയൊരു അനുഭവമാണ്. (കിരൺ, ആന്ധ്രാപ്രദേശ് സ്വദേശി)
പ്രവർത്തനസമയം: രാവിലെ 8 മുതൽ വൈകിട്ട് 8 വരെ