profit

മലപ്പുറം: വെറ്റിലയിൽ നിന്ന് ഓയിൽ നിർമ്മിക്കാൻ എറണാകുളത്തെ ഓയിൽ ലീഫ് എക്സ്ട്രാക്ട് കമ്പനിയുമായി ചർച്ച നടത്തി തിരൂർ വെറ്റില ഉത്പാദക സംഘം. സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്. വെറ്റില ഓയിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്നു കമ്പനി അറിയിച്ചതായി ഉത്പാദക സംഘം പറഞ്ഞു.

തേർഡ് ക്വാളിറ്റി വെറ്റില ഇലകൾ ഉപയോഗിച്ചും ഓയിൽ നിർമ്മിക്കാനാവും. നിലവിൽ ഫസ്റ്റ്, സെക്കന്റ് ക്വാളിറ്റി ഇലകൾ വിപണിയിൽ എത്തിക്കുമ്പോൾ തേർഡ് ക്വാളിറ്റി ഇലകൾ കർഷകർ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരുമാസം പത്ത് കിന്റലിൽ അധികം തേർഡ് ക്വാളിറ്റി ഇലകൾ ഉണ്ടാവാറുണ്ട്. കൂടിയ തോതിൽ ഓയിൽ വാങ്ങിക്കാനുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെറ്റില ഉത്പാദക സംഘം.

2020 ആഗസ്റ്റിൽ തിരൂർ വെറ്റിലയ്ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചികാ പദവി (ജി.ഐ) ലഭിച്ചെങ്കിലും മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് കടക്കാത്തതിനാൽ കർഷകർക്ക് വേണ്ടത്ര പ്രയോജനമില്ല. ഓയിൽ, മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, മൗത്ത് ഫ്രഷ് ച്യൂവിംഗ് ഗം, മുറിവെണ്ണ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണം മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുണ്ട്. നൂറ് മില്ലി വെറ്റില ഓയിലിന് ഓൺലൈൻ സൈറ്റുകളിൽ 4,000 രൂപ നൽകണം. തീർത്തും ശുദ്ധമായ ഓയിൽ ഈ വിലയ്ക്കും കിട്ടില്ല. വെറ്റില ഓയിൽ കലർന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും വലിയ വിലയാണ്. വെറ്റിലയിൽ ആന്റിമൈക്രോബിയൽ, ആന്റി ഓക്സിഡന്റുകളുടെ വലിയ സാന്നിദ്ധ്യമുണ്ട്.

ഉണർവിൽ വെറ്റില

വെറ്റിലയിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പിക്കാനും തിരൂർ വെറ്റിലയുടെ അഭിവൃദ്ധിക്കും ഇതു സഹായകമാവും.

നോഡൽ കൃഷി ഓഫീസർ